ഓട്ടോഡ്രൈവര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കാമുകി അറസ്റ്റില്‍

കുളത്തൂപ്പുഴ; ഓട്ടോഡ്രൈവര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കാമുകി അറസ്റ്റില്‍. ചന്ദനക്കാവ് വടക്കേ ചെറുകര ആലുംപൊയ്ക രശ്മി നിവാസില്‍ ഇരുപത്തിയഞ്ചുകാരിയായ രശ്മിയാണ് അറസ്റ്റിലായത്. കുളത്തൂപ്പുഴ ആറ്റിന് കിഴക്കേക്കര ടി.എസ് ഭവനില്‍ ദിനേശിനെയാണ് വെള്ളിയാഴ്ച ഉച്ചയോടെ രശ്മിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച ഉച്ചയ്‌ക്ക് ദിനേശ് സുഹൃത്തുക്കള്‍ക്കൊപ്പം ഊണ് കഴിക്കുന്നതിനിടെ രശ്മി ഫോണ്‍ വിളിച്ച് പെട്ടെന്ന് വീട്ടിലെത്താന്‍ ആവശ്യപ്പെട്ടിരുന്നു. സുഹൃത്തിന്റെ ഓട്ടോയിലാണ് ദിനേശ് രശ്മിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് സുഹൃത്തിനെ തിരിച്ചയച്ചു.
വീട്ടില്‍ വച്ച് രശ്മിയും ദിനേശും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്നുണ്ടായ പിടിവലിക്കിടെ രശ്മി ശക്തിയായി തള്ളിയപ്പോള്‍ കട്ടിലില്‍ തലയടിച്ചു വീണ ദിനേശ് മരിച്ചെന്നാണ് പൊലീസ് പറയുന്നത്.
കിടപ്പുമുറിയില്‍ മരിച്ചുവീണ ദിനേശിനെ വലിച്ചിഴച്ച് പുറത്തെത്തിക്കാന്‍ രശ്മി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് രശ്മി തന്നെയാണ് വിവരം പരിസരവാസികളെ അറിയിച്ചത്. വീഴ്ചയില്‍ തലയ്‌ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.