
ഉത്തർപ്രദേശിൽ വീണ്ടും കൂട്ട ബലാത്സംഗം.ഹത്രാസിൽ പീഡനത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ടതിന്റെ ഞടുക്കം മാറുന്നതിനുമുന്നെയാണ് അടുത്ത പീഡന വാർത്ത പുറത്തുവരുന്നത്.ഉത്തർപ്രദേശിലെ ഭദോഹിയിലെ ഗ്യാൻപൂരിലാണ് സംഭവം. 44 വയസ്സുള്ള ദലിത് സ്ത്രിയെ നാല് പേർ ചേർന്ന് സ്ത്രിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
സ്ത്രീയുടെ ഭർത്താവിൻറെ പരാതിയിൽ കേസെടുത്തെന്ന് എസ്പി രാം ബാദൻ സിങ് പറഞ്ഞു. ബാങ്കിൽ നിന്ന് പണം പിൻവലിച്ച് മടങ്ങുകയായിരുന്നു സ്ത്രീ. വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഭർത്താവിൻറെ സുഹൃത്തുക്കൾ വാഹനത്തിൽ കയറ്റി സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നതെന്ന് എസ്പി വിശദീകരിച്ചു.സ്ത്രീയെ വൈദ്യപരിശോധനക്ക് വിധേയയാക്കുമെന്നും എസ്പി അറിയിച്ചു.നാല് പേർക്കെതിരെ ഗ്യാൻപൂർ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഇതിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്. .
ഹത്രാസിൽ സെപ്തംബർ 14നാണ് 19 വയസ്സുള്ള ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളർത്തുമൃഗങ്ങൾക്കുള്ള തീറ്റ ശേഖരിക്കാൻ പോയ സമയത്ത് നാല് പേർ ചേർന്ന് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ നട്ടെല്ല് തകർന്നു. കുട്ടിയുടെ നാവ് അക്രമികൾ മുറിച്ചെടുത്തു. ഡൽഹിയിലെ ആശുപത്രിയിൽ സെപ്തംബർ 30നാണ് പെൺകുട്ടി മരിച്ചത്.