നിയമസഭാ തെരഞ്ഞെടുപ്പിന് 5.79 ലക്ഷം പുതിയ വോട്ടർമാർ, വോട്ടര്‍പട്ടികയില്‍ ഇനിയും പേര് ചേർക്കാം.

തിരുവനന്തപുരം/ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടര്‍പട്ടികയില്‍ പുതിയതായി പേര് ചേര്‍ക്കാന്‍ പത്ത് ലക്ഷം അപേക്ഷകള്‍ ലഭിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. നിയമസഭാ തെരഞ്ഞെടുപ്പിന് 5,79,033 പുതിയ വോട്ടര്‍മാരുണ്ടെന്നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനിയും അവസരമുണ്ടെന്നും ടിക്കാറാം മീണ അറിയിച്ചു.
സംസ്ഥാനത്ത് ആകെ 2.67 കോടി വോട്ടര്‍മാരുണ്ട്. 1.56 ലക്ഷം വോട്ടര്‍മാരെ കരട് വോട്ടർപട്ടികയിൽ നിന്നൊഴിവാക്കി. വോട്ടര്‍പട്ടികയില്‍ 221 ട്രാന്സ്ജന്ഡറുകളുണ്ടെന്നും വോട്ടര്‍മാരില്‍ കൂടുതല്‍ സ്ത്രീകളാണെന്നും ടിക്കാറാം മീണ വ്യക്തമാക്കി. അതേസമയം, നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള കൊല്ലം ജില്ലയിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 20,93,511 വോട്ടർമാർ പട്ടികയിൽ ഉണ്ട്. കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്.
ഇവിടെ മൊത്തം 207775 പേർ ഉണ്ട്. കൊല്ലം നിയോജകമണ്ഡലത്തിലാണ് ഏറ്റവും കുറവ് – 17,167,9 വോട്ടർമാർ. പുരുഷ വോട്ടർമാരുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ കരുനാഗപ്പള്ളിയാണ്. കുറവ് ഇരവിപുരം മണ്ഡലത്തിലാണ്– 82492 പേർ. ഏറ്റവും കൂടുതൽ വനിതാ വോട്ടർമാരുള്ളത് കുന്നത്തൂർ മണ്ഡലത്തിലാണ്– 10,6750 പേർ. കുറവ് കൊല്ലം മണ്ഡലത്തിലും– 89132 പേർ.