കൊൽക്കത്തയിൽ കനത്ത മഴയിൽ 5 മരണം; മെട്രോ സർവീസുകൾ നിർത്തിവച്ചു
പല പ്രദേശങ്ങളും വെള്ളത്തിനടിയിലാവുകയും നഗരത്തിൽ ഗതാഗതം സ്തംഭിക്കുകയും ചെയ്തു

കൊൽക്കത്ത : കൊൽക്കത്തയിൽ പെയ്ത കനത്ത മഴയിൽ ജനജീവിതം ദുരിതപൂർണ്ണമായി. പല പ്രദേശങ്ങളും വെള്ളത്തിനടിയിലാവുകയും നഗരത്തിൽ ഗതാഗതം സ്തംഭിക്കുകയും ചെയ്തു . അർധരാത്രി കഴിഞ്ഞപ്പോൾ മുതൽ ആരംഭിച്ച മഴയിൽ റോഡുകൾ വെള്ളത്തിനടിയിലാവുകയും നഗരത്തിലെ നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറുകയും ചെയ്തു. മഴക്കെടുതി മൂലം നഗരത്തിൽ 5 പേർക്ക് ജീവൻ നഷ്ടമായി . കൂടാതെ ദക്ഷിണ ബംഗാൾ ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മെട്രോ സ്റ്റേഷനുകളിൽ പലതിലും വെള്ളം കയറിയതോടെ ഒട്ടുമിക്ക സർവീസുകളും നിർത്തിവച്ചു. ഷാഹിദ് ഖുദിറാം, മൈദാൻ സ്റ്റേഷനുകൾക്കിടയിലുള്ള പ്രവർത്തനങ്ങൾ പൊതുജന സുരക്ഷ മുൻനിർത്തി നിർത്തിവച്ചതായി മെട്രോ റെയിൽ വക്താവ് അറിയിച്ചു. ദക്ഷിണേശ്വർ, മൈദാൻ സ്റ്റേഷനുകൾക്കിടയിൽ വെട്ടിച്ചുരുക്കിയ സർവീസുകൾ മാത്രമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തിന്റെ തെക്ക്, കിഴക്കൻ ഭാഗങ്ങളിൽ മഴയുടെ തീവ്രത കൂടുതലായിരുന്നു. ഗാരിയ കാംദഹാരിയിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ 332 മില്ലിമീറ്റർ മഴയും ജോധ്പുർ പാർക്കിൽ 285 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തിയതായി കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. കാളിഘട്ട് – 280 മില്ലിമീറ്റർ, ടോപ്സിയ –275 മില്ലിമീറ്റർ, ബാലിഗഞ്ച് –264 മില്ലിമീറ്റർ , വടക്കൻ കൊൽക്കത്തയിലെ തന്താനിയ –195 മില്ലിമീറ്റർ മഴ ലഭിച്ചു.
ബംഗാൾ ഉൾക്കടലിന്റെ വടക്കുകിഴക്കൻ ഭാഗത്ത് രൂപപ്പെട്ട ന്യൂനമർദമാണ് കനത്ത മഴയ്ക്ക് കാരണം. ഇത് വടക്കു പടിഞ്ഞാറോട്ട് നീങ്ങാൻ സാധ്യതയുണ്ട്. ദക്ഷിണ ബംഗാളിലെ പുർബ മേദിനിപുർ, പശ്ചിം മേദിനിപുർ, സൗത്ത് 24 പർഗാനാസ്, ജാർഗ്രാം, ബങ്കുര ജില്ലകളിൽ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ ബംഗാൾ ഉൾക്കടലിൽ സെപ്റ്റംബർ 25 ഓടെ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
tag: 5 deaths in heavy rains in Kolkata; Metro services suspended.