ആഗോള വിപണിയില്‍ എണ്ണവില വീണ്ടും ഉയര്‍ന്നു

ആഗോള വിപണിയില്‍ എണ്ണവില വീണ്ടും ഉയര്‍ന്നു. അസംസ്കൃത എണ്ണ വീപ്പക്ക് മൂന്ന് ഡോളറാണ് ഒറ്റ ദിവസം കൊണ്ട് വര്‍ധിച്ചത്. അതിനിടെ, ഉല്‍പാദനവുമായി ബന്ധപ്പെട്ട് ഏപ്രില്‍ വരെ തല്‍സ്ഥിതി തുടരാന്‍ ഒപക് മന്ത്രിതല യോഗം തീരുമാനിച്ചു.
ഉല്‍പാദനം വെട്ടിക്കുറച്ച നടപടി ഒപെക്, ഒപെക് ഇതര രാജ്യങ്ങള്‍ പുനഃപരിശോധിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം എണ്ണവിലയില്‍ നേരിയ കുറവ് വന്നിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ മുഖേന ചേര്‍ന്ന ഒപെക് എണ്ണമന്ത്രിമാരുടെ യോഗമാണ് ഏപ്രില്‍ വരെ തല്‍സ്ഥിതി തുടരാനുള്ള തീരുമാനം കൈക്കൊണ്ടത്. മാര്‍ച്ച് മാസം വരെ പ്രതിദിന എണ്ണ ഉല്‍പാദത്തില്‍ ഗണ്യമായ കുറവ് വരുത്താനായിരുന്നു കഴിഞ്ഞ വര്‍ഷം ഒപെക് കൈക്കൊണ്ട തീരുമാനം.
ഉല്‍പാദനം ഉയര്‍ത്തുന്നതു സംബന്ധിച്ച അനിശ്ചിതത്വം എണ്ണവിപണിയിലും കാര്യമായി പ്രതിഫലിച്ചു. അസംസ്കൃത എണ്ണവിലയില്‍ മൂന്ന് ഡോളറിന്‍റെ വര്‍ധനയാണ് പുതുതായി രേഖപ്പെടുത്തിയത്. ഉല്‍പാദനത്തില്‍ മാറ്റം വരുത്തുന്നതു സംബന്ധിച്ച് പ്രധാന എണ്ണ ഉല്‍പാദക രാജ്യമായ സൗദി അറേബ്യയുടെ തീരുമാനം നിര്‍ണായകമായിരിക്കും.