ജീവകാരുണ്യത്തിന്റെ പേരിൽ എഫ്സിആർഎ ലംഘിച്ച് സ്വപ്ന വഴി വന്നത് 60 കോടി

യുഎഇ കോൺസുലേറ്റിന്റേതായി തുടങ്ങിയ സമാന്തര ബാങ്ക് അക്കൗണ്ടിലൂടെ സ്വപ്ന സുരേഷും സംഘവും ജീവകാരുണ്യത്തിന്റെ പേരിൽ അറുപത് കോടിയോളം രൂപ കേരളത്തിലേക്ക് കടത്തി. ജീവകാരുണ്യത്തിന്റെ പേരുപറഞ്ഞു വമ്പൻ സ്രാവുകളിൽ നിന്ന് വിദേശസഹായ നിയന്ത്രണനിയമ (എഫ്സിആർഎ) ലംഘനം നടത്തിയാണ് ഈ പണം ഒഴുക്കിയത്. കോൺസുലേറ്റിന്റെ 6 അക്കൗണ്ടുകളാണു കരമനയിലെ ഒരു ബാങ്കിലുള്ളത്. അതിൽ ഒരെണ്ണം കോൺസുലേറ്റിലെ ചെലവുകൾക്കു യുഇഎയിൽ നിന്നു പണമെത്തുന്നതാണ്. മറ്റൊരു അക്കൗണ്ട് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി തുറക്കുകയായിരുന്നു. വ്യാജരേഖകൾ ഉപയോഗിച്ചാണ് ഇതു തുറക്കുന്നത്. ബാക്കി 4 അക്കൗണ്ടുകൾ കോൺസുലേറ്റിന്റെ ക്രയവിക്രയങ്ങൾക്ക് ഉപയോഗിക്കുകയായിരുന്നു.
ലൈഫ് മിഷൻ കേസിൽ സിബിഐ യു എ ഇ കോൺസുലേറ്റിന്റെ അക്കൗണ്ടുള്ള ബാങ്കിന്റെ ശാഖയിൽ ജീവനക്കാരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയുണ്ടായി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോൺസുലേറ്റുമായി ബന്ധപെട്ട ബാങ്ക് അക്കൗണ്ടുകൾ അന്വേഷണം വിപുലമാക്കിയതിനു പിറകെയാണ് സി ബി ഐ യും ഇക്കാര്യത്തിൽ അന്വേഷണം ശക്തമാക്കിയിരിക്കുന്നത്.
2019 ആഗസ്ത് ഒന്നാം തീയതിയും രണ്ടാം തീയതിയുമായി കരമന ആക്സിസ് ബാങ്കിന്റെ ശാഖയിലെ യു എ ഇ കോൺസുലേറ്റിന്റെ അക്കൗണ്ടിൽ നിന്ന് തന്റെ അക്കൗണ്ടിലേക്കു മൂന്നു കോടി എൺപതിനായിരം രൂപ ട്രാൻസ്ഫർ ചെയ്തതായും അത് സ്വപ്നയ്ക്കാണ് കൈമാറിയതെന്നും യൂണിറ്റാക്ക് എം ഡി സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിരുന്നതാണ്. ഈ അക്കൗണ്ടിന്റെ കൂടുതൽ വിവരങ്ങൾ അറിയാനുള്ള ശ്രമത്തിനിടെയാണ് ജീവകാരുണ്യത്തിന്റെ പേരിൽ പണം തട്ടിയിട്ടുണ്ടെന്ന സൂചനകൾ ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി യുഎഇ കോൺസുലേറ്റിന്റേതായി തുടങ്ങിയ സമാന്തര അക്കൗണ്ടിലൂടെ സ്വപ്ന സുരേഷും സംഘവും എത്തിച്ച 58 കോടി രൂപയെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തി വരുകയാണ്. വിഷയത്തിൽ വിദേശസഹായ നിയന്ത്രണനിയമലംഘനം കൂടി സിബിഐ അന്വേഷിക്കുമെന്നാണ് വിവരം. ഇങ്ങനെ പലരിൽ നിന്നായി ജീവ കാരുണ്യത്തിനു വാങ്ങിയ പണം ആർക്കൊക്കെ നൽകി എന്നതിനെ പറ്റിയും ഇഡി അന്വേഷിക്കുന്നുണ്ട്. ഈ അക്കൗണ്ടിലേക്കാണ് വിവാദമായ ലൈഫ് മിഷൻ പദ്ധതിക്കുള്ള റെഡ് ക്രസന്റിന്റെ 20 കോടിയുടെ സഹായവും എത്തുന്നത്. റെഡ്ക്രസന്റിന്റെ പണം ലൈഫ് മിഷനു വേണ്ടി യൂണിടാക്കിനു നൽകിയത് ഈ അക്കൗണ്ട് വഴിയായിരുന്നു. 20 കോടിയിൽ 14.5 കോടി യൂണിടാക്കിനും ബാക്കി പല സംഘടനകൾക്കുമായിട്ടാണ് കൈമാറിയിട്ടുള്ളത്. ഇത് സംബന്ധിച്ച രേഖകൾ ഇഡി ശേഖരിച്ചിട്ടുണ്ട്. ഇതേ ബാങ്കിൽ സ്വപ്നയ്ക്കു സ്വകാര്യ അക്കൗണ്ട് ഉണ്ട്. 2019 ജൂൺ 26 ന് ഈ അക്കൗണ്ടിൽ 8 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഇതു പലിശസഹിതം 8.4 ലക്ഷം രൂപയായി. ലോക്കറും സ്വപ്ന ബാങ്കിൽ തുറന്നിരുന്നു.