CrimeKerala NewsLatest NewsNews

ജോജുവിന്റെ വാഹനം തകര്‍ത്ത കോണ്‍ഗ്രസുകാരെ കാണാനില്ല; ഇരുട്ടില്‍ത്തപ്പി പോലീസ്

കൊച്ചി: സിനിമ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കോണ്‍ഗ്രസുകാരെ കണ്ടെത്താനാകാതെ പോലീസ്. ജാമ്യം കിട്ടില്ലെന്ന് ഉറപ്പായതോടെ പലരും ജില്ല വിട്ടതായാണ് പോലീസ് കരുതുന്നത്. പ്രതിപ്പട്ടികയിലുള്ളവരുടെയും കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെയും വീടുകളിലും സമീപ പ്രദേശങ്ങളിലും മഫ്തി വേഷത്തില്‍ പോലീസ് നിരീക്ഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ ആരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇത് പോലീസിനെ വല്ലാതെ വലയ്ക്കുന്നുണ്ട്.

കേസിന്റെ അന്വേഷണ ചുമതലയുള്ള മരട് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പലരേയും ഫോണില്‍ വിളിച്ചു കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ആരും തയാറായിട്ടില്ല. പട്ടികയില്‍ ഒന്നാം പ്രതി കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണിയാണ്. ഇദ്ദേഹം ഒളിവിലാണെന്നു പോലീസ് പറയുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് നേതൃത്വം സമ്മതിച്ചിട്ടില്ല. എന്നാല്‍ അറസ്റ്റിന് വഴങ്ങിക്കൊടുക്കേണ്ട എന്ന നിലപാടിലാണ് ടോണി ചമ്മിണിയെന്നാണ് നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.

ഇതിനിടെ സംസ്ഥാന നേതൃത്വം പ്രതിപ്പട്ടികയിലുള്ളവരോടു കീഴടങ്ങാന്‍ നിര്‍ദേശിച്ചെങ്കിലും ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍നിന്നു ജോജു പിന്‍മാറിയതോടെ അത് വേണ്ടെന്നു നിര്‍ദേശിച്ചു. പോലീസ് ആദ്യം അറസ്റ്റ് ചെയ്ത ഐഎന്‍ടിയുസി ഓട്ടോ തൊഴിലാളി യൂണിയന്‍ നേതാവ് ജോസഫ് ജോര്‍ജിന് ജാമ്യം ലഭിക്കുകയാണെങ്കില്‍ ഓരോരുത്തര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുന്നതിന് തീരുമാനിച്ചിരുന്നു. എന്നാല്‍ മറ്റു പ്രതികള്‍ ഒളിവിലുള്ള സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഇതോടെ ജയില്‍വാസത്തിന് തയാറല്ലെന്ന നിലപാടാണ് പ്രതിപ്പട്ടികയിലുള്ളവര്‍ക്ക്.

പ്രതികളുടെ ടെലഫോണ്‍ ലൊക്കേഷന്‍ കണ്ടുപിടിക്കാനുള്ള ശ്രമവും പോലീസ് നടത്തുന്നുണ്ട്. കേസില്‍ ഒന്നാം പ്രതി ടോണി ചമ്മിണി ഉള്‍പ്പടെ എട്ടു പേരാണ് പട്ടികയിലുള്ളത്. ഇവരില്‍ ആറു പേരെ മാത്രമാണ് പേരെടുത്തു പറഞ്ഞ് പ്രതി ചേര്‍ത്തിട്ടുള്ളത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ പി.വൈ. ഷാജഹാന്‍, മനു ജേക്കബ്, മണ്ഡലം പ്രസിഡന്റുമാരായ ജര്‍ജസ്, അരുണ്‍ വര്‍ഗീസ് എന്നിവരാണ് മറ്റു പ്രതികള്‍.

പട്ടികയില്‍ പേരില്ലാഞ്ഞിട്ടും തൃക്കാക്കര മുന്‍ മണ്ഡലം പ്രസിഡന്റ് ഷെരീഫ് ബുഹാരിയെ വെള്ളിയാഴ്ച രാത്രി വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്തുവെന്നാണ് കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാനോട് ഫോണില്‍ വിളിച്ച് കീഴടങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button