രോഗി കഴുത്തില്‍ പിടിച്ചു തിരിച്ചു, ആംബുലന്‍സ് ഡ്രൈവര്‍ക്ക് നേരെ കയ്യേറ്റം
മലയിന്‍കീഴ്: ആംബുലന്‍സ് ഡ്രൈവര്‍ക്ക് നേരെ രോഗിയുടെ അതിക്രമത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ആംബുലന്‍സ് കുഴിയിലേക്ക് മറിഞ്ഞു. മദ്യ ലഹരിയിലായിരുന്ന രോഗി ഡ്രൈവറുടെ കഴുത്തില്‍ പിടിച്ച് തിരിച്ചതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ആംബുലന്‍സ് ആറടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ കാലിന് പരിക്കേറ്റ കുഴിവിള സ്വദേശി കണ്ണനാണ് (26) ഡ്രൈവറെ ആക്രമിച്ചത്. ചീനിവിള റോഡില്‍ വെച്ചായിരുന്നു സംഭവം.
കാലിന് പരിക്കേറ്റ് ആശുപത്രിയിലെത്തിയ കണ്ണന്‍ മെഡിക്കല്‍ പരിശോധന ഉള്‍പ്പെടെ എതിര്‍ത്ത് പരാക്രമം കാട്ടി. ഇതേ തുടര്‍ന്ന് കൂൂടെയുണ്ടായിരുന്നവര്‍ കണ്ണനെ ഉപേക്ഷിച്ചു പോയി. ഇതിനു ശേഷം വീട്ടിലേയ്ക്ക് ആംബുലന്‍സില്‍ കൊണ്ടുപോകുമ്പോഴാണ് കണ്ണന്‍ ഡ്രൈവര്‍ അമലിന്റെ കഴുത്തില്‍ പിടിച്ചു തിരിച്ചത്. ഇതേ തുടര്‍ന്ന് ആംബുലന്‍സ് ആറടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ആംബുലന്‍സിന് വേഗത കുറവായിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കുഴിയില്‍ വീണ അമലിനെ രക്ഷപ്പെടുത്തി. പിന്നാലെ ആംബുലന്‍സ് കുഴിയില്‍ നിന്ന് കരയ്‌ക്കെത്തിച്ചു. ഇതിനിടെ സംഭവസ്ഥലത്തു നിന്ന് കണ്ണന്‍ ഓടി രക്ഷപ്പെട്ടു.
മാറനല്ലൂര്‍ പൊലീസ് സംഭവ സ്ഥലത്തെത്തി ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. ഡ്രൈവര്‍ താലൂക്ക് ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് സ്വകാര്യ ആംബുലന്‍സ് ഉടമ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ ഇതിനു മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.