indiaLatest NewsNationalNews

സ്വതന്ത്ര ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷം; ഡല്‍ഹിയില്‍ സുരക്ഷ സംവിധാനങ്ങൾ ഇങ്ങനെ

സ്വതന്ത്ര ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളെ മുന്നോടിയായി ഡല്‍ഹിയില്‍ അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. പതിനായിരത്തിലധികം പൊലീസുകാരും 3,000 ട്രാഫിക് പൊലീസുകാരും, അര്‍ധസൈനിക വിഭാഗങ്ങളും കമാന്‍ഡോകളും ഉള്‍പ്പെടെയുള്ള സുരക്ഷാ സേനകളാണ് വിന്യസിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തുന്ന ചെങ്കോട്ടയിലും സമീപ പ്രദേശങ്ങളിലും സിസിടിവി ക്യാമറകള്‍, ഡ്രോണ്‍ ഡിറ്റക്ഷന്‍ സിസ്റ്റങ്ങള്‍, ഫേഷ്യല്‍ റെക്കഗ്നിഷന്‍ ടെക്നോളജി എന്നിവ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കി. ആദ്യമായി അഞ്ച് പാര്‍ക്കിങ് സ്ഥലങ്ങളില്‍ അണ്ടര്‍ വെഹിക്കിള്‍ സര്‍വൈലന്‍സ് സിസ്റ്റം സ്ഥാപിച്ച് വാഹനങ്ങളുടെ അടിഭാഗം സ്‌കാന്‍ ചെയ്ത് സ്ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ ബാരിക്കേഡുകളും തിരിച്ചറിയല്‍ പരിശോധനകളും ഉള്‍പ്പെടുന്ന വ്യാപക സുരക്ഷാ നടപടികള്‍ നടപ്പിലാക്കും. ഓഗസ്റ്റ് 2 മുതല്‍ 16 വരെ ഡ്രോണുകള്‍, പാരാഗ്ലൈഡറുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍ തുടങ്ങിയവയുടെ ഉപയോഗം ഡല്‍ഹിയില്‍ നിരോധിച്ചു. മാര്‍ക്കറ്റുകള്‍, മെട്രോ സ്റ്റേഷനുകള്‍, ബസ് ടെര്‍മിനലുകള്‍ എന്നിവിടങ്ങളില്‍ പൊലീസ് പട്രോളിങ് ശക്തമാക്കും. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ നേരിട്ടു വിലയിരുത്തും.

ഓഗസ്റ്റ് 14-ന് രാത്രി 10 മണി മുതല്‍ വാണിജ്യ വാഹനങ്ങള്‍ക്ക് ഡല്‍ഹിയിലേക്കുള്ള പ്രവേശനം നിഷേധിക്കും. റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, അന്തര്‍സംസ്ഥാന ബസ് ടെര്‍മിനലുകള്‍, മെട്രോ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലും 24 മണിക്കൂറും യാത്രക്കാരുടെയും ബാഗേജുകളുടെയും തിരിച്ചറിയല്‍ രേഖകളുടെയും പരിശോധന നടത്തും.

Tag: 79th Independence Day celebrations of independent India; Heavy security in Delhi

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button