Kerala NewsLatest News

മൂന്നുപേരുടെ ജീവനെടുത്തത് മത്സരയോട്ടം; വീഡിയോ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നത്

കോട്ടയം: റോഡപകടങ്ങള്‍ തുടര്‍കഥയാവുകയാണ്. കഴിഞ്ഞ ദിവസം ചങ്ങനാശേരിയില്‍ റേസിങ് നടത്തിയ ബൈക്ക് മറ്റൊരു ബൈക്കിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മൂന്ന് ജീവനുകളാണ് നഷ്ടമായത്. ചങ്ങനാശേരി ബൈപ്പാസ് റോഡില്‍ രാത്രി ആറരയോടെയായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ മരിച്ച ശരത്തിന്റെ ബൈക്കിന്റെ വേഗത 145 കിലോമീറ്ററായിരുന്നുവെന്ന്് പൊലീസ് കണ്ടെത്തി്. ശരത്തിന്റെ ഹെല്‍മറ്റില്‍ ഘടിപ്പിച്ച ക്യാമറയില്‍ പതിഞ്ഞ വീഡിയോ ദൃശ്യങ്ങളില്‍ നിന്നാണ് ഇതു സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഹെല്‍മറ്റ് ക്യാമറയില്‍ രണ്ട് ഫയലുകളാണുള്ളതെന്നും ഇടയ്ക്കിടെ ക്യാമറ സ്പീഡോ മീറ്ററിലേക്ക് ഫോക്കസ് ചെയ്യുന്നുണ്ടെന്നും ഡിവൈ എസ് പി ആര്‍. ശ്രീകുമാര്‍ പറഞ്ഞു.

ഇതില്‍ 144-145 കിലോമീറ്ററാണ് വേഗം കണിക്കുന്നതെന്നും രണ്ടാമത്തെ ഫയലില്‍ അപകടത്തിന്റെ തുടക്കത്തിലെ ദൃശ്യമാണന്നും അദ്ദേഹം വ്യക്തമാക്കി. അപകട സമയത്ത് ശരത്ത് ധരിച്ചിരുന്ന ഹെല്‍മറ്റില്‍ ഘടിപ്പിച്ച ക്യാമറയിലെ ദൃശ്യങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് വീണ്ടെടുക്കുകയായിരുന്നു. അമിതവേഗതയില്‍ റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പലതവണ പാഞ്ഞ ബൈക്കാണ് അപകടത്തില്‍പ്പെട്ടതെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. ഇവിടെ ഇത്തരം അഭ്യാസങ്ങള്‍ പതിവാണെന്നും നാട്ടുകാര്‍ പറഞ്ഞു. അപകടത്തില്‍ മരിച്ച പി എസ് ശരത്തിന് ഒപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

മൂന്ന് ബൈക്കുകളിലാണ് യുവാക്കള്‍ ബൈപാസില്‍ എത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മറ്റ് രണ്ട് ബൈക്കുകളും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സൗത്ത് സോണ്‍ ട്രാഫിക് എസ് പി ബി കൃഷ്ണകുമാര്‍ അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചു. പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. പ്രദേശത്ത് അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്യാനും പരിശോധനകള്‍ കര്‍ശനമാക്കാനും എസ് പി നിര്‍ദേശം നല്‍കി.

ജൂലൈ 28നായിരുന്നു അപകടം നടന്നത്. പോത്തോട് അമൃതശ്രീ വീട്ടില്‍ മുരുകന്‍ ആചാരി(67), ചങ്ങനാശ്ശേരി ടി ബി റോഡില്‍ കാര്‍ത്തിക ജൂവലറി ഉടമ പുഴവാത് കാര്‍ത്തിക ഭവനില്‍ സേതുനാഥ് നടേശന്‍ (41), പുതുപ്പള്ളി തച്ചുകുന്ന് പാലച്ചുവട്ടില്‍ പി എസ് ശരത് (18) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മുരുകന്‍ ആചാരി പുഴവാതിലെ വീട്ടിലെത്തി സേതുനാഥിനെയും കൂട്ടി കോട്ടയത്തേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. ഇവര്‍ കച്ചവടാവശ്യത്തിനായാണ് പോയത്. സേതുനാഥ് ഓടിച്ചിരുന്ന ബൈക്കിലേക്ക്, റേസിങ് നടത്തുകയായിരുന്ന ശരത്തിന്റെ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്നുപേരും റോഡിലേക്ക് തെറിച്ചുവീണു. രണ്ടുപേര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. റേസിങ്ങിനെത്തിയ മറ്റൊരു ബൈക്ക് അപകടം നടന്നയുടനെ നിര്‍ത്താതെ പോയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇത്തരം അഭ്യാസ പ്രകടനങ്ങള്‍ ഇവിടെ പതിവ് കാഴ്ചയാണെന്നും നാട്ടുകാര്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button