Editor's ChoiceKerala NewsLatest NewsNewsPolitics

മനസിൽ ഉദ്ദേശിക്കാത്ത പരാമർശം ആണ് ഉണ്ടായത്, എങ്കിലും നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു-ചെന്നിത്തല

സ്ത്രീപീഡനവുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ നിർവ്യാജം മാപ്പു പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വെള്ളറടയിൽ ക്വാറന്റൈനിൽ കഴിഞ്ഞ യുവതിയെ ക്രൂരമായി പീഡിപ്പിച്ച ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ കോൺഗ്രസ് ബന്ധം മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു ചെന്നിത്തലയുടെ വിവാദ പരാമർശം ഉണ്ടായത്. ഡി വൈ എഫ് ഐക്കാർക്ക് മാത്രമേ പീഡനം നടത്താൻ പാടുള്ളൂ എന്നു എവിടെയെങ്കിലും എഴുതിവെച്ചിട്ടുണ്ടോയെന്നാണ് രമേശ് ചെന്നിത്തല തിരിച്ചുചോദിച്ചത്.

വിവാദ പരാമർശത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. തുടർന്ന്, വാചകം അടർത്തിയെടുത്ത് വളച്ചൊടിച്ചു എന്ന് ഇന്നലെ അദ്ദേഹം വിശദീകരിച്ചിരുന്നു. എന്നാൽ, പ്രതിഷേധം അടങ്ങിയിരുന്നില്ല. തുടർന്നാണ് പരാമർശം പിൻവലിച്ച്‌ അദ്ദേഹം മാപ്പ് പറഞ്ഞത്.

പൊതുജീവിതത്തിൽ ഒരിക്കൽ പോലും സ്ത്രീകൾക്കെതിരായി മോശപ്പെട്ട പരാമർശം ഉണ്ടായിട്ടില്ല. അത്തരം ഒരു പരാമർശം ഒരിക്കലും എന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാകാൻ പാടില്ല എന്ന രാഷ്ട്രീയ ബോധ്യത്തിലാണ് ഇത്രയും കാലം പ്രവർത്തിച്ചിട്ടുള്ളത്. എങ്കിലും അതിനിടയാക്കിയ വാക്കുകൾ പിൻവലിച്ച്‌ അതിൽ നിർവാജ്യം ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലാണ് പ്രതിപക്ഷ നേതാവ് മാപ്പ് പറഞ്ഞത്.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്: കേരളീയ സമൂഹം ചരിത്രത്തിൽ ഇന്നേവരെ കാണാത്ത തരത്തിലുള്ള സ്ത്രീ പീഡന സംഭവങ്ങളാണ് സർക്കാർ സംവിധാനങ്ങളിൽ പോലുമുണ്ടായിരിക്കുന്നത്. കോവിഡ് രോഗികളെപ്പോലും പീഡിപ്പിച്ച സംഭവം കേരളത്തിന് നാണക്കേടായി.
എന്റെ വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ദുർവ്യാഖ്യാനം ചെയ്തിട്ടായാലും സ്ത്രീകളുടെ മനസിന് നേരിയ പോറൽ പോലും ഉണ്ടാകാനിടയാകരുത് എന്നതിൽ എനിക്ക് നിർബന്ധമുണ്ട്.

അത്തരം ചില പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടു. എന്റെ പൊതുജീവിതത്തിൽ ഒരിക്കൽ പോലും സ്ത്രീകൾക്കെതിരായി മോശപ്പെട്ട പരാമർശം ഉണ്ടായിട്ടില്ല.ഇന്നലെ വാർത്താ സമ്മേളനത്തിൽ ചോദ്യത്തിന് ഉത്തരം നൽകുന്ന അവസരത്തിൽ വിദൂരമായി പോലും, മനസിൽ ഉദ്ദേശിക്കാത്ത പരാമർശം ആണ് ഉണ്ടായത് എന്ന് വീണ്ടും കേട്ടപ്പോൾ മനസിലായി. അത്തരം ഒരു പരാമർശം ഒരിക്കലും എന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാകാൻ പാടില്ല എന്ന രാഷ്ട്രീയ ബോധ്യത്തിലാണ് ഞാൻ ഇത്രയും കാലം പ്രവർത്തിച്ചിട്ടുള്ളത്.എങ്കിലും അതിനിടയാക്കിയ വാക്കുകൾ പിൻവലിച്ച്‌ അതിൽ നിർവാജ്യം ഖേദം പ്രകടിപ്പിക്കുന്നു.

സർക്കാർ സംവിധാനത്തിൽ സംഭവിച്ച ഗുരുതരമായ പിഴവിന്റെ ഫലമായിട്ടാണ് കേരളത്തിൽ രണ്ട് യുവതികൾ പീഡനത്തിനു ഇരയായായത്. ആറന്മുളയിലെ ആംബുലൻസിൽ പീഡിപ്പിച്ചതിന്റെയും തിരുവനന്തപുരത്തു ഹെൽത്ത് ഇൻസ്പെക്ടർ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചതിന്റെയും ഉത്തരവാദിത്വം ആരോഗ്യവകുപ്പിനാണ്.

ലോകത്തിന്റെ മുന്നിൽ കേരളത്തെ തീരാകളങ്കത്തിലേക്കു തള്ളിയിട്ട ഈ രണ്ട് സംഭവങ്ങളുടെയും ഉത്തരവാദിത്വം ആരോഗ്യവകുപ്പ് ഏറ്റെടുക്കണം. പ്രതികൾക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം കോവിഡ് പ്രതിരോധത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വീഴ്ചയും അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കാനുള്ള നടപടി സർക്കാരിന്റെ ഭാഗത്ത്‌ നിന്നുണ്ടാകണം. ചെന്നിത്തല പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button