കുട്ടനാട്ടിൽ തുഷാർ വെള്ളാപ്പള്ളി മത്സരിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി

കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തുഷാർ വെള്ളാപ്പള്ളിക്ക് മേൽ സമ്മർദ്ദം ശക്തമാക്കി ബിജെപി. എന്നാൽ പ്രാദേശിക നേതാക്കളുടെ പേരുകളാണ് തുഷാർ മുന്നോട്ട് വയ്ക്കുന്നത്.തുഷാർ നിന്നാൽ സമുദായ വോട്ടുകൾ ഉറപ്പിക്കാനാവുമെന്ന് കണക്കുകൂട്ടുന്നു. തുഷാർ നിന്നാൽ ബി.ഡി.ജെ.എസ് വിമതശല്യത്തെ അതിജീവിക്കാനാകും എന്നും കരുതുന്നു.
ഉപതെരഞ്ഞെടുപ്പ് നടന്നാൽ ചവറയിലും കുട്ടനാട്ടിലും ശക്തരായ സ്ഥാനാർത്ഥികളെ നിർത്താൻ ബി.ജെ.പിയും ബി.ഡി.ജെ.എസും തീരുമാനിച്ചിരുന്നു. സാമുദായിക ഘടകകങ്ങൾ തുണച്ചാൽ കുട്ടനാട്ടിൽ ജയിച്ചുകയറാമെന്നാണ് ബി.ജെ.പി വിലയിരുത്തൽ. 2016ൽ മണ്ഡലത്തിൽ എൻ.ഡി.എയുടെ സുഭാഷ് വാസു നേടിയ വലിയ മുന്നേറ്റമാണ് പ്രതീക്ഷയ്ക്ക് കാരണം.
മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയ തുഷാർ വെള്ളാപ്പള്ളി, പ്രാദേശിക നേതാക്കളുടെ പേരുകളാണ് നിർദേശിക്കുന്നത്. ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറിമാരായ ടി. പി മന്മദൻ, സന്തോഷ് ശാന്തി, ജില്ലാ പ്രസിഡൻറ് ടി അനിയപ്പൻ എന്നീ പേരുകളാണ് പരിഗണനയിൽ. തീരുമാനം അടുത്താഴ്ചയെന്നാണ് സംസ്ഥാന നേതാക്കൾ പറയുന്നത്.