കേരള രാഷ്ട്രീയത്തിലെ കുഞ്ഞുഞ്ഞ് ഇഫക്ടിന് അമ്പത് വയസ്സ്.

രാജ്യത്തെ നിയമനിർമാണ ചരിത്രത്തിലെ ഒരു അപൂർവ നേട്ടത്തിന്റെ തൊട്ടരികിലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എം എൽ എ യായി നിയമസഭയിൽ 50 വർഷം പൂർത്തീകരിക്കുകയാണ് പുതുപ്പള്ളിയുടെയും കേരളത്തിൻ്റെയും സ്വന്തം കുഞ്ഞുഞ്ഞ്. ദേശീയ രാഷ്ട്രീയ ചരിത്രത്തിൽ എം.കരുണാനിധി , കെ എം മാണി, കെ ആർ ഗൗരി, ഗണപത്റാവു ദേശ്മുഖ് എന്നീ പേരുകളുടെ കൂട്ടത്തിലേക്കാണ് ഉമ്മൻ ചാണ്ടിയുടെ പേര് കൂടി എഴുതി ചേർക്കപ്പെടുകയാണ്.

പുതുപ്പള്ളിക്ക് മറ്റൊരു പ്രതിനിധിയെയും ഉമ്മൻ ചാണ്ടിക്ക് മറ്റൊരു മണ്ഡലത്തെയും കുറിച്ച് ചിന്തിക്കേണ്ടി വന്നിട്ടില്ലാത്ത യാത്രക്ക് 1970 ലാണ് തുടക്കം കുറിക്കുന്നത്. 27 -ാം വയസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരിക്കെയാണ് ഉമ്മൻ ചാണ്ടി ആദ്യമായി മൽസര രംഗത്ത് വരുന്നത്. ദേശീയ തലത്തിൽ കോൺഗ്രസ് വലിയൊരു പിളർപ്പ് നേരിട്ട് നിൽക്കുന്ന സമയത്തായിരുന്നു അത്. പുതുപ്പള്ളിയാകട്ടെ അന്ന് സി.പി.എമ്മിന്റെ സിറ്റിങ് സീറ്റുമായിരുന്നു. മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയാലും വിജയിച്ചതായി കണക്കാക്കുമെന്നാണ് നേതൃത്വം ഉമ്മൻചാണ്ടിയെ ധരിപ്പിച്ചത്. എന്നാൽ നേതൃത്വത്തെ ഞ്ഞെട്ടിച്ച് സിറ്റിങ് എംഎൽ എ, ഇ.എം.ജോർജിനെ പരാജയപ്പെടുത്തി 7233 വോട്ടിന് ഉമ്മൻ ചാണ്ടി വിജയിച്ചു.1970 ന് ശേഷം 1977, 80, 82, 87, 91,96, 2001, 2006, 2011, 2016 തിരഞ്ഞെടുപ്പുകളിലും ഉമ്മൻചാണ്ടി വിജയം തുടർന്നു. തുടർച്ചയായി 11 തവണ. 2011 ൽ സുജ സൂസൻ ജോർജിനെ 33255 പരാജയപ്പെടുത്തിയതാണ് ഉമ്മൻ ചാണ്ടിയുടെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം. ഏറ്റവും കുറവാകട്ടെ 1970ലേതും.
വിജയിക്കുമോ എന്നല്ല ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷമെത്രയെന്ന ആകാംഷ മാത്രമെ പുതുപ്പള്ളിക്കാർക്ക് തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ഉണ്ടാകാറുള്ളു. എതിരാളിക്കാകട്ടെ ഒരു വി ഐ പി മണ്ഡലത്തിലെ എതിർ സ്ഥാനാർത്ഥി എന്ന പ്രശസ്തിയും മാത്രം.1977 ൽ 111 സീറ്റ് നേടി അധികാരത്തിൽ വന്ന കെ.കരുണാകരൻ സർക്കാരിൽ ഉമ്മൻ ചാണ്ടി തൊഴിൽ മന്ത്രിയായി. പിന്നീട് പല മന്ത്രിസഭകളിൽ ആഭ്യന്തര, ധന വകുപ്പുകളുടെ മന്ത്രിയായി. 2004 ൽ മുഖ്യമന്ത്രിയായി. 2006-11 കാലത്ത് പ്രതിപക്ഷ നേതാവായി. 2011 – 16 കാലത്ത് വീണ്ടും മുഖ്യമന്ത്രിയായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് അധികാരത്തിലേറിയപ്പോൾ പ്രതിപക്ഷ സ്ഥാനം ഏറ്റെടുക്കാതെ മാറി നിന്നു. എങ്കിലും കോൺഗ്രസ്സ് നേതൃത്വം എ ഐ സി സി ജനറൽ സെക്രട്ടറിയായി അദ്ദേഹത്തെ ചേർത്തു പിടിച്ചു.
തിരുവനന്തപുരത്തെത്തിയാലും പുതുപ്പള്ളിയെ വിട്ട് ഒരു പരിപാടിയും ഉമ്മൻ ചാണ്ടിക്കില്ല. തിരുവനന്തപുരത്തെ വീടിന് പോലും ഇദ്ദേഹം നൽകിയ പേര് പുതുപ്പള്ളി എന്ന് തന്നെയാണ്. അത്രമേൽ ദൃഢമാണ് അ ബന്ധം.ഞായറാഴ്ച എന്നൊരു ദിവസമുണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ എത്തിയിരിക്കും. എന്നാല്‍ കൊറോണയും ലോക്‌ഡൗണും ആ പതിവ് തെറ്റിച്ചു. ഒന്നും രണ്ടുമല്ല 100 ദിവസമാണ് കൊറോണ ഉമ്മന്‍ ചാണ്ടിയെ പുതുപ്പള്ളിയില്‍ നിന്നും അകറ്റി നിര്‍ത്തിയത്. ഉമ്മന്‍ ചാണ്ടിയുടെ പാര്‍ലമെന്‍ററി ജീവിതത്തിന്‍റെ 50 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഇങ്ങനൊരു മാറ്റം.

ഈ മാസം 17 നാണ് കേരള നിയമസഭയിൽ എം എൽ.എയായി ഉമ്മൻ ചാണ്ടി 50 വർഷം തികയ്ക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ കോൺഗ്രസ് നേതാവ് കൂടിയാണ് അദ്ദേഹം. നിയമസഭാംഗത്വ സുവർണജൂബിലി ആഘോഷം 17-ന് കോട്ടയത്ത് നടക്കും. ‘സുകൃതം സുവർണം’ എന്നപേരിൽ സംഘടിപ്പിക്കുന്ന പരിപാടി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി സൂം ആപ്പിലൂടെ
ഉദ്ഘാടനം ചെയ്യും. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് കോട്ടയം മാമ്മൻ മാപ്പിള സ്മാരക നഗരസഭാഹാളിലാണ് ചടങ്ങ് നടക്കുക.. സാമൂഹിക, രാഷ്ട്രീയ, സാമുദായിക, ആധ്യാത്മിക മേഖലകളിലുള്ള 50 പ്രമുഖവ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും. രാഹുൽ ഗാന്ധി, എ.കെ.ആന്റണി, കെ.സി.വേണുഗോപാൽ, മുകുൾ വാസ്നിക് തുടങ്ങിയവരും സൂം ആപ്പിലൂടെ ആശംസനേരും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യു.ഡി.എഫ്. ഘടകകക്ഷി നേതാക്കൾ, ഇടതുമുന്നണി നേതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. വെർച്വൽ പ്ളാറ്റ്‌ഫോമിൽ സംഘടിപ്പിക്കുന്ന ചടങ്ങ്, 16 ലക്ഷത്തിൽപ്പരം ആളുകൾക്ക് തത്സമയം കാണുന്നതിനുള്ള ഓൺലൈൻ സംവിധാനം ആണ് ഒരുക്കുന്നത്. വൈകുന്നേരം അഞ്ചിന് ഉമ്മൻ ചാണ്ടിയുടെ ലൈഫ് സ്കെച്ച് അവതരിപ്പിച്ച് ആരംഭിക്കുന്ന ചടങ്ങിൽ, ക്ഷണിക്കപ്പെട്ടവർക്കുമാത്രമാണ് പ്രവേശനം. ആഘോഷത്തിന്റെ ഭാഗമായി ഒരുവർഷത്തെ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ അന്നേദിവസം രാവിലെ ഒൻപതുമുതൽ വിവിധ സ്ഥലങ്ങളിലായി പരിപാടികൾ നടക്കും. നിയോജകമണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും നേരിട്ടെത്തി ഉമ്മൻ ചാണ്ടി സന്തോഷത്തിൽ പങ്കുചേരും.