ജലീലിനെതിരെ കേസെടുത്തേക്കും, ഗുരുതരമായ ലംഘനം കണ്ടെത്തിയാൽ 5വർഷം വരെ തടവും പിഴയും കിട്ടാവുന്ന വകുപ്പ് ചുമത്താം. അല്ലെങ്കിൽ ഒരുവർഷം വരെയാണ് ശിക്ഷ.

കേന്ദ്രാനുമതിയില്ലാതെ യു.എ.ഇയിൽ നിന്ന് വിദേശസഹായം സ്വീകരിച്ചതിന് ജലീലിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസെടുക്കും. നൂറ് ഭക്ഷ്യകിറ്റുകളുടെ പേരിൽ യു.എ.ഇ കോൺസുൽ ജനറലുമായി ജലീൽ വിദേശ പണം കൈപ്പറ്റിയത് ചട്ടവിരുദ്ധമാണ്. സത്യപ്രതിജ്ഞ ചെയ്തു അധികാര കസേരയിൽ ഇരിക്കുന്ന ഒരു മന്ത്രി ഭക്ഷ്യകിറ്റുകളുടെ വിലയായി അഞ്ചുലക്ഷം രൂപയുടെ ഇടപാട് നടത്തിയിരിക്കുന്നത്. മന്ത്രിയെ വീണ്ടും ചോദ്യംചെയ്ത് വിവരങ്ങൾ ശേഖരിക്കും. മൊഴികളുടെ ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ഇ.ഡി നിർദ്ദേശിച്ചിട്ടുണ്ട്. ചട്ടലംഘനം കണ്ടെത്തിയാൽ ഇ.ഡി കേസെടുക്കും. ഗുരുതരമായ ലംഘനം കണ്ടെത്തിയാൽ 5വർഷം വരെ തടവും പിഴയും കിട്ടാവുന്ന വകുപ്പ് ചുമത്താം. അല്ലെങ്കിൽ ഒരുവർഷം വരെയാണ് ശിക്ഷ. കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിനെക്കുറിച്ച് കേന്ദ്രധനമന്ത്രാലയം പ്രാഥമികഅന്വേഷണം നടത്തിയശേഷം ഇ.ഡിയോട് വിശദഅന്വേഷണത്തിന് നിർദ്ദേശിച്ചതിനെ തുടർന്നാണ് ഇതേക്കുറിച്ച് ഇ.ഡി വിശദമായ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. ജലീലിനെതിരെ ഇ.ഡി കേസെടുക്കുമെന്ന വിവരമാണ് ഏറ്റവും ഒടുവിൽ കിട്ടുന്ന റിപ്പോർട്ടുകളിൽ പറയുന്നത്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യാനിരിക്കുകയാണ്. പ്രാഥമിക ചോദ്യം ചെയ്യല്‍ മാത്രമാണ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായതെന്ന് ഇഡി പറഞ്ഞിട്ടുണ്ട്. ഇഡിയുടെ ചോദ്യം ചെയ്യലിന് ശേഷം മന്ത്രി ജലീല്‍ എവിടെയാണ് ഉള്ളതെന്ന് വ്യക്തമല്ല. മന്ത്രി തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലില്ല. വളാഞ്ചേരിയിലെ വീട്ടിലുണ്ടെന്നാണ് മന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിവരമെങ്കിലും,ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
കെ.ടി. ജലീൽ നൽകിയ ഉത്തരങ്ങൾ പലതും പരസ്പര വിരുദ്ധവും, അവിശ്വനീയവുമാണെന്നാണ് വിവരം. നൽകിയ ഉത്തരങ്ങളിൽ പൂര്‍ണ തൃപ്തിയില്ലാതെയാണ് കഴിഞ്ഞ ദിവസം ഇ.ഡി. അദ്ദേഹത്തെ വിട്ടയച്ചിരിക്കുന്നത്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് ലഭിച്ച വിവരങ്ങളും മന്ത്രിയുടെ ഉത്തരങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
വിദേശസഹായ നിയന്ത്രണചട്ടം (എഫ്.സി.ആർ.എ) പ്രകാരം പണം, ഉപകാരം, സമ്മാനം, സേവനം എന്നിങ്ങനെ ഏതുതരം വിദേശസഹായവും സ്വീകരിക്കാൻ വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളുടെ മുൻകൂർ അനുമതി വാങ്ങിയിരിക്കേണ്ടതാണ്. ഇതിനുള്ള അപേക്ഷ ധനമന്ത്രാലയം പരിശോധിച്ച് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന് കൈമാ റുകയും,വിദേശസഹായം രാജ്യവിരുദ്ധ പ്രവർത്തിനത്തിനാണോ എന്നടക്കം പരിശോധിച്ച് ക്ലിയറൻസ് നൽകുകയുമാണ് ചെയ്തു വരുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ആഭ്യന്തരമന്ത്രാലയമാണ്. ഈ നടപടികളെല്ലാം ലംഘിച്ചതിനാലാണ് ജലീലിനെതിരെ അന്വേഷണം ഉണ്ടായിരിക്കുന്നത്.
രാജ്യത്തെ ഒരു നിയമനിർമ്മാണ സഭകളിലെ അംഗങ്ങൾ പണമായോ അല്ലാതെയോ വിദേശസഹായം കൈപ്പറ്റുന്നതിന്
നിലവിൽ നിരോധനമുണ്ട്. രാഷ്ട്രീയ പാർട്ടികൾക്കോ ഭാരവാഹികൾക്കോ സഹായം സ്വീകരിക്കാനാവില്ല. വിദേശരാജ്യങ്ങളുടെ താത്പര്യങ്ങൾ ഇന്ത്യയിൽ വേരുറപ്പിക്കുന്നത് തടയാനാണിത്. അതിനാൽ ജലീൽ യു.എ.ഇ സഹായംവാങ്ങാൻ അനുമതി ചോദിച്ചിരുന്നെങ്കിലും നിഷേധിക്കപ്പെടുമായിരുന്നു. വിദേശസഹായം സ്വന്തം മണ്ഡലത്തിൽ ചെലവഴിച്ചതും ജലീലിനെതിരെ ഗുരുതര കുറ്റമായി തന്നെ കണക്കാക്കും. യു.എ.ഇ കോൺസുൽ ജനറലുമായുള്ള വാട്സ്ആപ് ചാറ്റിലൂടെയാണ് അഞ്ചുലക്ഷംരൂപയുടെ ഇടപാട് നടത്തിയതെന്ന് ജലീൽ സമ്മതിച്ചിട്ടു ണ്ടെന്നതാണ് ഇതിൽ മുഖ്യമായിരിക്കുന്നത്. അതിനാൽ ഇതുസംബന്ധിച്ച ഫയലുകളോ രേഖകളോ സർക്കാരിൽ ഉണ്ടാവാനിടയില്ല.
ഏതുതരം വിദേശസഹായവും സ്വീകരിക്കാൻ വിദേശകാര്യ,ആഭ്യന്തര മന്ത്രാലയങ്ങളുടെ അനുമതി വേണ്ടതാണ്. ഒരു ലക്ഷത്തിലേറെ മൂല്യമുള്ള സമ്മാനം വിദേശത്തെ ഉറ്റബന്ധുക്കളിൽ നിന്ന് സ്വീകരിക്കാൻപോലും കേന്ദ്രാനുമതി വേണം. വിദേശസഹായ നിയന്ത്രണചട്ടം(എഫ്.സി.ആർ.എ) അനുസരിച്ച് സേവനവും സമ്മാനവും ഈ ഗണത്തിൽ പെടുന്നതാണ്. വിദേശനാണ്യ വിനിമയചട്ടം (ഫെമ)അനുസരിച്ച് പണം സ്വീകരിക്കാൻ റിസർവ് ബാങ്കിന്റെ അനുമതിയും ആവശ്യമാണ്.
മതഗ്രന്ഥങ്ങള്‍ എന്ന പേരില്‍ സ്വര്‍ണം കടത്തിയിരുന്നോ, സ്വപ്നയുമായുള്ള പരിചയം എന്നതുള്‍പ്പെടെയുളള കാര്യങ്ങളാണ് ചോദ്യം ചെയ്തതില്‍ ഇഡി ചോദിച്ചറിഞ്ഞത്. മന്ത്രിയുടെ ഉത്തരങ്ങളില്‍ പൂര്‍ണ തൃപ്തിയില്ലാതെയാണ് അന്വേഷണസംഘം വിട്ടയക്കുന്നത്.
അതേസമയം, എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിറകെ മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യം ഉന്നയിച്ച് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നീക്കം ശക്തമായിരിക്കുകയാണ്. മന്ത്രിയുടെ രാജി വാങ്ങാനുള്ള ധാര്‍മിക ഉത്തരവാദിത്വം മുഖ്യമന്ത്രി കാട്ടണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുള്ളത്. മുഖ്യമന്ത്രിയെ കൂടി പ്രതിരോധത്തിലാക്കി കൊണ്ടാണ് ഇപ്പോഴുള്ള പ്രതിപക്ഷ നീക്കം നടക്കുന്നത്.
തലയില്‍ മുട്ടിണ്ടാണ് മന്ത്രി ചോദ്യം ചെയ്യലിനെത്തിയതെന്നായിരുന്നു പ്രതിപക്ഷ നേതാക്കൾ പരിഹസിച്ചത്. ധാര്‍മികതയുണ്ടെങ്കില്‍ ജലീല്‍ മന്ത്രി സ്ഥാനം ഒഴിയണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയ്ക്ക് ഇച്ഛാശക്തിയുണ്ടെങ്കില്‍ ജലീലില്‍ നിന്ന് രാജി എഴുതി വാങ്ങണമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. മാര്‍ക്ക് ദാന വിവാദത്തില്‍ മുഖ്യമന്ത്രി ജലീലിനെ സംരക്ഷിച്ചു. സമാനമായ രീതിയില്‍ സ്വര്‍ണകടത്ത് കേസിലും ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്നാണ് യു.ഡി.എഫ് കുറ്റപ്പെടുത്തുന്നത്. ജലീല്‍ ചെറിയ സ്രാവാണെന്നും മുഖ്യമന്ത്രിയാണ് വമ്പന്‍ സ്രാവെന്നുമുള്ള പ്രതികരണത്തിലൂടെ കെപിസിസി അധ്യക്ഷന്‍ പിണറായി വിജയനെയാണ് ലക്‌ഷ്യം വെക്കുന്നത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഒരു മന്ത്രിയെ എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തിട്ടും, മന്ത്രിയെ സംരക്ഷിക്കുന്നത് കേസില്‍ സര്‍ക്കാരിലെ മറ്റ് പലര്‍ക്കും ബന്ധമുള്ളത് മൂലമാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.