മന്ത്രി കെ. ടി ജലീലിന് കുരുക്ക് മുറുകുന്നു, മന്ത്രിയെ കസ്റ്റംസ് ചോദ്യം ചെയ്യും

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു പിന്നാലെ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും മന്ത്രി കെ.ടി. ജലീലിനെ ചോദ്യംചെയ്യും. നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് ആക്‌ട് പ്രകാരം മൊഴിയെടുക്കുക. ഇതിന് ഉടൻ നോട്ടീസ് നൽകും. മന്ത്രിയുടെ മൊഴികൾ ഇ.ഡി. അന്വേഷണസംഘം വിശദമായി പരിശോധിച്ചു. യു.എ.ഇ. കോൺസുലേറ്റുമായി മന്ത്രിയെന്നനിലയ്ക്കപ്പുറമുള്ള ഇടപാടുകൾ ഉണ്ടോയെന്ന സംശയത്തിലാണ് അന്വേഷണസംഘം. യു.എ.ഇ. കോൺസുലേറ്റിൽനിന്ന് നയതന്ത്ര ബാഗേജുകളിലെ പായ്ക്കറ്റുകൾ ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള സി-ആപ്റ്റിന്റെ ഓഫീസിൽ എത്തിച്ചിരുന്നു. ഇത് ജലീലിന്റെ നിർദേശപ്രകാരമായിരുന്നു.
സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തെ രണ്ടു സ്ഥാപനങ്ങളിൽ എത്തിച്ച പായ്ക്കറ്റുകളിൽ മതഗ്രന്ഥമാണെന്നാണ് മന്ത്രി അവകാശപ്പെട്ടത്. ഇതിൽ കസ്റ്റംസ് പ്രിവന്റീവ് സംഘം വിശദപരിശോധന നടത്തിയിരുന്നു. ബാഗേജിന്റെ തൂക്കവ്യത്യാസമാണ് കസ്റ്റംസിന് സംശയം ജനിപ്പിക്കുന്നത്. നയതന്ത്ര ബാഗേജിനെക്കുറിച്ചുള്ള കാര്യത്തിൽ ജലീലിന്റെ വിശദീകരണം കസ്റ്റംസ് ആക്‌ട് 108 പ്രകാരമായിരിക്കും രേഖപ്പെടുത്തുക. ഇത് പിന്നീട് മാറ്റിപ്പറയാൻ കഴിയില്ല. കോടതിയിൽ തെളിവുമൂല്യവും ഉണ്ടാകും. മന്ത്രി ജലീലിൽനിന്നും ബിനീഷ് കോടിയേരിയിൽനിന്നും ഇതേ രീതിയിലാണ് ഇ.ഡി. മൊഴിയെടുത്തത്. മന്ത്രിയുടെ മൊഴി അവലോകനംചെയ്ത ഇ.ഡി. കോൺസുലേറ്റുമായുള്ള ബന്ധം സാധാരണയിൽ കവിഞ്ഞുള്ളതാണെന്നാണു വിലയിരുത്തിയത്.
എൻഐഎയും കെ.ടി.ജലീലിനെ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. മന്ത്രി ജലീലിന്റെ മൊഴി ഇഡിയും വീണ്ടും രേഖപ്പെടുത്തും. 14നു ഹാജരാകാനാണു മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ വെള്ളിയാഴ്ച രാവിലെ എത്തുമെന്നു വ്യാഴാഴ്ച രാത്രി മന്ത്രി അന്വേഷണ സംഘത്തെ അറിയിച്ചു. ചോദ്യാവലി മുൻകൂട്ടി തയാറാക്കിയാണ് ഇഡിയുടെ മൊഴിയെടുപ്പ്. എന്നാൽ ചോദ്യാവലി തയാറാക്കും മുൻപു മന്ത്രി എത്തി. ആവശ്യപ്പെട്ട പല വിവരങ്ങളും കൈമാറാൻ മന്ത്രിക്കു കഴിയാതിരുന്നതിനാലാണ് ചോദ്യാവലി തയാറാക്കിയ ശേഷം വീണ്ടും മൊഴിയെടുക്കുന്നത്.
ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾ തുടരുകയാണ്. എന്നാൽ മന്ത്രിയെ പ്രതിരോധിക്കാനാണ് സിപിഎം തീരുമാനം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിവരങ്ങൾ തേടി എന്നതിന്റെ പേരിൽ മന്ത്രി ജലീൽ രാജിവെയ്ക്കണമെന്ന കോൺഗ്രസ്സിന്റെയും ബിജെപിയുടെയും ആവശ്യം രാഷ്ട്രീയപ്രേരിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.
സ്വർണ്ണക്കടത്ത് കേസ് മുതൽ ഉയർന്ന എല്ലാ പ്രശ്നങ്ങളിലും എത് ഏജൻസി വേണമെങ്കിലും അന്വേഷിച്ചോട്ടെ എന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളത്. അന്വേഷണ ഏജൻസികളെ തടയുന്ന സമീപനം എൽ ഡി എഫ് സർക്കാരിനില്ല. എന്നാൽ വിവാദമായ നയതന്ത്ര ബാഗേജുകൾ അയച്ചവരേയും കൈപ്പറ്റിയവരേയും ചോദ്യം ചെയ്യാൻ പോലും മൂന്നു കേന്ദ്ര ഏജൻസികളും തയ്യാറാകാത്തത് ദുരൂഹമാണ്. നയതന്ത്ര ബാഗേജ് വഴി നിരവധി തവണ സ്വർണം കടത്തിയെന്ന് കോടതിയിൽ പറഞ്ഞ ഏജൻസികൾ തന്നെ ഇവരെ അന്വേഷണ പരിധിയിൽ നിന്നും ഒഴിവാക്കുന്നത് സംശയാസ്പദമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിക്കുന്നു. ഇ.ഡിയുടെ സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുകയുണ്ടായി. മന്ത്രി ജലീലിൽ നിന്നും വിവരം തേടിയ വിവരം ഡൽഹിയിൽ ഇ.ഡി മേധാവി തന്നെ പരസ്യപ്പെടുത്തിയ നടപടി അസാധാരണമാണ്. രാജ്യവ്യാപകമായി രാഷട്രീയമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപമുള്ള ഏജൻസിയാണ് ഇ.ഡി എന്നതും പ്രസക്തമാണ്.