കോവിഡ് വാക്‌സിൻ കണ്ടെത്തുന്നത് വരെ നിലവിലെ പ്രതിസന്ധി തുടരും ; പ്രധാനമന്ത്രി

കോവിഡിനെതിരെ വാക്‌സിൻ കണ്ടെത്തുന്നത് വരെ നിലവിലെ പ്രതിസന്ധി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ എല്ലാവരും പാലിക്കണം. പ്രധാനപ്പെട്ട നിരവധി തീരുമാനങ്ങൾ ഈ പാർലമെന്റ് സമ്മേളനത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് കാലത്തും കർമ്മനിരതരായി ജോലി ചെയ്‌ത എം.പിമാരെ അഭിനന്ദിക്കുന്നു. എത്രയും വേഗം വാക്‌സിൻ കണ്ടുപിടിക്കേണ്ടതുണ്ട്. വാക്‌സിൻ കണ്ടെത്താതെ വിശ്രമമില്ല. ഒരു ദിവസം തന്നെ രണ്ട് വ്യത്യസ്‌ത സമയങ്ങളിലാണ് രാജ്യസഭയും ലോക്‌സഭയും ചേരുന്നത്.
ശനി, ഞായർ ദിവസങ്ങളിലും പാർലമെന്റ് സമ്മേളനം നടക്കും.അതിർത്തിൽ സൈനികർ വലിയ പോരാട്ടത്തിലാണ്. അവർ മലനിരകളിലുണ്ട്. ഇനി മഞ്ഞുവീഴ്‌ചയും തുടങ്ങും. അതിർത്തിയിൽ പോരാടുന്ന സൈനികർക്ക് ഒപ്പമാണ് രാജ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യസഭയില്‍ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കും. ചൈനീസ് പ്രകോപനവും കോവിഡ് പ്രതിസന്ധിയും ചർച്ച ചെയ്യുന്നതിന് സമ്മേളനത്തിൽ സർക്കാർ അവസരമൊരുക്കുന്നുണ്ട്. കോവിഡ് നിർദേശങ്ങള്‍ കർശനമായി പാലിച്ചാണ് 18 ദിവസം സഭ നടക്കുക.
കോവിഡ് നിർദേശങ്ങള്‍ പാലിച്ച് സീറ്റുകള്‍ ക്രമീകരിച്ചാണ് 9 മണി മുതല്‍ 1 മണി വരെ ലോക്സഭയും വൈകീട്ട് 3 മുതല്‍ 7 വരെ രാജ്യസഭയും ചേരുന്നത്. തുടർന്നുള്ള ദിവസങ്ങളില്‍ രാവിലെ രാജ്യസഭയും വൈകീട്ട് ലോക്സഭയുമായിരിക്കും നടക്കുന്ന. ലോക്സഭയിൽ മുന്‍ രാഷ്ട്രപതി പ്രണബ് മുഖർജി അടക്കമുള്ള അന്തരിച്ച നേതാക്കള്‍ക്ക് അനുശോചനം രേഖപ്പെടുത്തി,ഒരു മണിക്കൂർ നിർത്തിവെച്ച ശേഷം ആണ് നടപടി ക്രമങ്ങളിലേക്ക് കടന്നത്. നാഷണൽ കമ്മീഷൻ ഫോർ ഹോമിയോപതി ബിൽ, നാഷണൽ കമ്മീഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ ബിൽ എന്നിവ സഭ പാസാക്കുന്നുണ്ട്. 45 ബില്ലുകളും 2 ധനകാര്യ ഇനങ്ങളും അടക്കം 47 ഇനങ്ങളാണ് സഭയുടെ പരിഗണനയ്ക്ക് വരുക. ചോദ്യോത്തര വേള ഉണ്ടാവില്ല. 30 മിനിട്ടാണ് ശൂന്യവേള. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ള എംപിമാർക്കേ സമ്മേളനത്തില്‍ പങ്കെടുക്കുന്നുള്ളൂ.
രാജ്യസഭയില്‍ ഉപാധ്യക്ഷ തെരഞ്ഞെടുപ്പിൽ,ബിജെഡി, വൈഎസ്ആര്‍ കോൺഗ്രസ്, ടിആര്‍എസ് എന്നിവയുടെ പിന്തുണയോടെ, എന്‍ഡിഎ സ്ഥാനാർഥി ജെഡിയു എംപി ഹരിവംശ് നാരായണനാണ് രംഗത്തുള്ളത്. ആർജെഡി എം പി മനോജ് ജായാണ് പ്രതിപക്ഷ സ്ഥാനാർഥി. ഇന്ത്യ – ചൈന സംഘർഷം, കോവിഡ് പ്രതിസന്ധി എന്നിവ പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. ഡൽഹി കലാപത്തിലെ കുറ്റപത്രത്തിൽ സീതാറാം യെച്ചൂരിയെ ഉൾപ്പെടുത്തിയതിൽ സിപിഎം തങ്ങളുടെ പ്രതിഷേധം അറിയിക്കും. എ എം ആരിഫ്, കെ കെ രാകേഷ് എന്നിവർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. സ്വർണക്കടത്ത് കേസ് വിശദാംശങ്ങള്‍ ധനമന്ത്രാലയത്തോട് കോണ്‍ഗ്രസ് എംപിമാർ ചോദിക്കുന്നുണ്ട്.