ബീച്ചിൽ നിന്ന് അമ്മയ്ക്കൊപ്പം സെൽഫി എടുക്കുന്നതിനിടെ കടലിൽ വീണ് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ ബീച്ച് സന്ദർശിക്കുന്നതിനിടെ അമ്മക്കൊപ്പം സെൽഫി എടുക്കുന്നതിനിടെ കടലിൽ വീണ് കാണാതായ രണ്ടര വയസ്സുകാരന്റെ മൃതദേഹം ലഭിച്ചു. ആദികൃഷ്ണയുടെ മൃതദേഹമാണ് ലഭിച്ചത് ഗലീലിയോ കടപ്പുറത്തു നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഞാറാഴ്ചയാണ് ആദികൃഷ്ണനെ കടലിൽ കാണാതായത്.അമ്മയ്ക്കും ബന്ധുകൾക്കുമൊപ്പം കടൽ കാണാൻ എത്തിയപ്പോഴായിരുന്നു അപകടം നടന്നത്.
പാലക്കാട് കിഴക്കഞ്ചേരി ലക്ഷ്മണിന്റെയും അനിതയുടെയും മകനാണ്. ആലപ്പുഴയിൽ ബന്ധുവീട്ടിൽ എത്തിയതായിരുന്നു. കടപ്പുറത്തുവെച്ച് സെൽഫി എടുക്കുന്നതിനിടെ അമ്മയും മക്കളും തിരയിൽപ്പെടുകയായിരുന്നു.
അമ്മ അനിതയെയും മൂത്ത മകനെയും സഹോദരന്റെ മകനെയും ഇവർക്കൊപ്പം ബീച്ചിലെത്തിയ ബന്ധു രക്ഷപ്പെടുത്തി. എന്നാൽ രണ്ടര വയസ്സുള്ള ആദികൃഷ്ണ തിരയിൽപ്പെട്ട് കാണാതാകുകയായിരുന്നു.
തൃശൂരിൽ വിവാഹത്തിൽ പങ്കെടുത്ത ശേഷമാണ് ഇവർ ആലപ്പുഴയിലെത്തിയത്. ഇഎസ്ഐ ജംക്ഷനു സമീപം കടൽത്തീരത്ത് 13 നാണ് സംഭവം നടന്നത്. കടൽ പ്രക്ഷുബ്ധമായതിനെ തുടർന്ന് പൊലീസ് വിലക്കിയെങ്കിലും മറ്റൊരു വഴിയിലൂടെ ഇവർ കടൽതീരത്തെത്തുകയായിരുന്നു.