എല്ലാം സാങ്കൽപിക കഥകളാണെന്നു പറഞ്ഞു സത്യത്തെ തമസ്ക്കരിക്കുകയാണ് മുഖ്യമന്ത്രി

ഇതുപോലൊരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല, രമേശ് ചെന്നിത്തല. സ്വന്തം ഭരണത്തിന്റെ അവസ്ഥ വിലയിരുത്താൻ മുഖ്യമന്ത്രിക്കു കഴിഞ്ഞിട്ടില്ലെന്നും, അതിനാലാണ് സർക്കാരിന്റെ മുഖം വികൃതമായതിനെക്കുറിച്ച് ഒന്നും പറയാത്തതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു ചോദ്യത്തിനും മുഖ്യമന്ത്രിക്കു മറുപടിയില്ല. സാങ്കൽപിക കഥകളാണെന്നു പറഞ്ഞു സത്യത്തെ തമസ്ക്കരിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ സാങ്കൽപിക ലോകത്താണ്. സൂര്യൻ ഉദിക്കുന്നതും സാങ്കൽപികമാണെന്നു മുഖ്യമന്ത്രി നാളെ പറഞ്ഞേക്കാം. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട വാർത്തകൾ സങ്കൽപ കഥയാണ് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ജനങ്ങൾ ഇതെല്ലാം കാണുകയാണെന്നു മറക്കരുത്. രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
അഴിമതിക്കു കൂട്ടുനിൽക്കുന്ന ഇതുപോലൊരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല. മുഖ്യമന്ത്രിക്ക് എത്രനാൾ ജനത്തെ കബളിപ്പിക്കാന്‍ കഴിയും. എത്രനാൾ സാങ്കൽപ്പിക കഥയെന്നു പറഞ്ഞ് കുറ്റവാളികൾക്ക് സഹായം നൽകാനാവും. യഥാർഥത്തിൽ ഇപ്പോൾ മുഖ്യമന്ത്രിയാണ് പ്രതികൂട്ടിലുള്ളത്. ഓരോ ദിവസവും മാധ്യമങ്ങൾ പുറത്തുകൊണ്ടുവരുന്ന വാർത്തകൾക്കു പിന്നിലെ കാര്യങ്ങൾ വിശദീകരിക്കാൻ മുഖ്യമന്ത്രിക്കു ബാധ്യതയുണ്ട്. നാറിയ കഥകൾ ഭരണത്തിന്റെ ഇടനാഴികളിൽ ഉണ്ടാകുമ്പോഴും അതൊന്നും വിശദീകരിക്കാൻ മുഖ്യമന്ത്രിക്കു കഴിയുന്നില്ല. വാർത്താ സമ്മേളനത്തിൽ ജലീലിനെ പൂർണമായി ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. മുഖ്യമന്ത്രിയുടെ വാക്കുകൾ കേട്ടാൽ, മന്ത്രിയെ വിളിച്ച് ഇഡി ചായ കൊടുത്തു പറഞ്ഞുവിട്ടു എന്നു തോന്നിപോകും. വഖഫ് ചുമതലയുള്ളതുകൊണ്ട് മന്ത്രിക്കു യുഎഇ കോൺസുലേറ്റിൽ എന്താണ് കാര്യമെന്നും ഈന്തപ്പഴത്തിന്റെ രുചി പരിശോധിക്കാനാണോ ഇഡി മന്ത്രിയെ വിളിച്ചു വരുത്തിയതെന്നും ചെന്നിത്തല ചോദിച്ചു.
മന്ത്രി ജലീൽ എന്തിനാണ് തലയിൽ മുണ്ടിട്ട് ഇഡി ഓഫിസിൽ പോയതെന്നു വ്യക്തമാക്കണം. ഒന്നും മറയ്ക്കാനില്ലെങ്കിൽ സ്റ്റേറ്റ് കാറിൽ ഇഡി ഓഫിസിൽ പോയി മൊഴി കൊടുത്തശേഷം മാധ്യമങ്ങളെ കാണാമായിരുന്നു. പാർട്ടി പ്രവർത്തകരെ വിഡ്ഢികളാക്കുന്നതു പോലെ ജനത്തെ കബളിപ്പിക്കാൻ സർക്കാരിനു കഴിയില്ല. ഇ.പി.ജയരാജന്റെ ഭാര്യ ക്വാറന്റീൻ ലംഘിച്ച് എന്തിനാണ് ബാങ്ക് ലോക്കർ തുറക്കാൻ പോയതെന്നു വിശദീകരിക്കണം.
മന്ത്രി പുത്രൻ സ്വർണക്കടത്തു കേസിലെ പ്രതികളുമായി ചേർന്നു കമ്മിഷൻ വാങ്ങിയ വാർത്ത വന്നതിനു പുറകേയാണ് അവർ ബാങ്കിലേക്ക് പോയത്. 3 ബാങ്ക് ജീവനക്കാർ ക്വാറന്റീനിൽ പോകേണ്ടിവന്നു. ഒരു പവന്റെ മാല തൂക്കിനോക്കാന്‍ തിടുക്കപ്പെട്ട് ബാങ്കിൽ പോയത് വിശ്വസനീയമല്ല. ബാങ്ക് മാനേജരായിരുന്ന വനിതയ്ക്ക് മാലയുടെ തൂക്കം നോക്കാൻ അറിയില്ലേ എന്നു ചെന്നിത്തല ചോദിച്ചു. ആരോപണം ഉയരുമ്പോൾ അന്വേഷിച്ച് നിജസ്ഥിതി വെളിപ്പെടുത്തേണ്ട മുഖ്യമന്ത്രി മാധ്യമങ്ങളെ പഴിചാരുകയാണ് ചെയ്യുന്നത്. വ്യാജവാർത്ത കണ്ടെത്താൻ സർക്കാർ പൊലീസിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. അങ്ങനെയെങ്കിൽ നരേന്ദ്രമോദിയും പിണറായി വിജയനും തമ്മിൽ എന്തു വ്യത്യാസമാണുള്ളത്. രമേശ് ചെന്നിത്തല ചോദിച്ചു.
മന്ത്രി ജലീലിനെ വഴിയിൽ തടഞ്ഞത് ശരിയായില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുൻപ് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോൾ ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്നാണ് മുഖ്യമന്ത്രി അപ്പോൾ പറഞ്ഞത്. സംഭവത്തെ അപലപിക്കാൻ പോലും പിണറായി വിജയൻ തയാറായില്ല. പ്രതിപക്ഷത്തിനു നേരെയും മാധ്യമങ്ങൾക്കു നേരെയും മുഖ്യമന്ത്രി നടത്തുന്ന ശകാരവർഷം ജനങ്ങൾ വിലയിരുത്തും. ലൈഫ് മിഷനിൽ ക്രമക്കേടില്ലെങ്കിൽ എംഒയു പകർപ്പ് എന്തുകൊണ്ടാണ് പ്രതിപക്ഷത്തിനു നൽകാതിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശനം ആരെങ്കിലും ദുരുപയോഗപ്പെടുത്തിയോ എന്നു പരിശോധിക്കണമെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.