മന്ത്രി കെ.ടി. ജലീലിന് ക്ലീൻ ചിറ്റില്ല.

മന്ത്രി കെ.ടി. ജലീലിന് ക്ലീൻ ചിറ്റില്ല. മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവിയുടെ സ്ഥിരീകരിക്കുന്നു. മന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയെന്ന മട്ടിൽ വരുന്ന വാർത്തകളെ നിഷേധിച്ചു കൊണ്ട് പത്രലേഖകരുടെ ചോദ്യങ്ങൾക്ക് ആണ് ഇഡി മേധാവി ഇങ്ങനെ പ്രതികരിച്ചത്. മന്ത്രിക്കെതിരായ ചോദ്യം ചെയ്യൽ അവസാനിച്ചിട്ടില്ലെന്നു മാത്രമല്ല, അദ്ദേഹം അന്വേഷണ പരിധിയിലാണെന്നും ഇഡി വ്യക്തമാക്കുന്നുണ്ട്. ജലീലിന്റെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷ പാർട്ടികൾ സമരം ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ജലീലിന് ക്ളീൻ ചീട്ടെന്ന വാർത്ത ചിലർ പ്രചരിപ്പിച്ചത്. നിലവിൽ മന്ത്രിയിൽനിന്നു ലഭിച്ച മൊഴി വിലയിരുത്തിയ ശേഷമായിരിക്കും വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തിൽ തീരുമാനം എടുക്കുക. ഇതുസംബന്ധിച്ചു ഇ ഡി യുടെ ഉയർന്ന ഉദ്യോഗസ്ഥരുടെ മറുപടി കാക്കുകയാണ്.
മന്ത്രി ഇ.പി. ജയരാജന്റെ മകനെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണ പരിധിയിൽ കൊണ്ടുവന്നിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നതിനു പിന്നാലെ അന്വേഷണ സംഘങ്ങൾ ഇതു സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചിരുന്നു. ഈ വിവരങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ ഇഡി വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാനിരിക്കുകയാണ്.
മന്ത്രിയുടെ സ്വകാര്യ സ്വത്ത് സമ്പാദനത്തിനു പുറമേ മതഗ്രന്ഥങ്ങൾ എന്ന പേരിൽ സ്വർണം കടത്തിയിട്ടുണ്ടോ എന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ വ്യക്തത വരാനുള്ള സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള അന്വേഷണ സംഘത്തിന്റെ തീരുമാനം. കഴിഞ്ഞയാഴ്ച മന്ത്രിയെ വ്യാഴാഴ്ച രാത്രിയിലും ചോദ്യം ചെയ്തിരുന്നതായും, മന്ത്രിയുടെ മൊഴിയിൽ വൈരുധ്യങ്ങളുണ്ടെന്നും പല ചോദ്യങ്ങൾക്കും ലഭിച്ച ഉത്തരം കൃത്യമായിരുന്നില്ലെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
മന്ത്രിയുടെ മൊഴി ഇപ്പോൾ ഇഡി കേന്ദ്ര മേധാവിക്ക് കൈമാറിയിരിക്കുകയാണ്. ഇത് വ്യക്തമായി പരിശോധിച്ച ശേഷം വ്യക്തത വരാനുള്ള കാര്യങ്ങൾ മന്ത്രിയിൽ നിന്ന് ചോദിച്ചറിയും. കഴിഞ്ഞ ദിവസമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രി കെടി ജലിലിന്റെ മൊഴിയെടുത്തത്. സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ടാണ് ഇഡി ജലീലിനെ ചോദ്യം ചെയ്തതെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. ജലീലിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിയാനാണ് മന്ത്രിയെ ഇഡി വിളിച്ചത് എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നൽകിയ വിശദീകരണം. ഇതേ തുടർന്ന് ഇ ഡി യുടെ നടപടിയിൽ സംശയം ജനിപ്പിക്കുന്ന തരത്തിൽ ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇ ഡിയുടെ ഡൽഹി,കൊച്ചി ഓഫീസുകളിലേക്ക് സത്യാവസ്ഥ എന്തെന്നറിയാൻ പത്രലേഖകർ നിരവധിപ്പേരാണ് ബന്ധപെട്ടിരുന്നത്. ഇത് സംബന്ധിച്ചു പുറത്തു വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും, കാര്യങ്ങൾ അങ്ങനെ അല്ലെന്നും നയതന്ത്ര ബാഗേജുകൾ വഴി സ്വർണം കടത്തിയോ എന്നത് ഉൾപ്പടെയുള്ള വിവരങ്ങൾ തന്നെയാണ് മന്ത്രിയിൽ നിന്ന് ഇഡി ചോദിച്ച് അറിയുന്നത് എന്നാണ് പുറത്ത് വന്നിരിക്കുന്നത്.