ലോകത്ത് മനുഷ്യരാശിയുടെ തന്നെ കാലനായി എത്തിയ കൊവിഡ് മഹാമാരിക്കെതിരെ ഫലപ്രദമായ ഔഷധങ്ങളൊന്നും ഇതുവരെ കണ്ടെത്താനാവാത്ത സാഹചര്യത്തിൽ ലോക രാഷ്ട്രങ്ങൾ പ്രതീക്ഷകളോടെ ഉറ്റുനോക്കുന്നത് പ്രതിരോധ വാക്സിന്റെ വരവിനെയാണ്,കൊവിഡ് വാക്സിന് 6 മാസം കൂടി കാത്തിരിക്കണം.

കൊവിഡ് വാക്സിന്റെ പരീക്ഷണത്തിനു തയ്യാറായ ഒരാൾക്ക് ബ്രിട്ടനിൽ അജ്ഞാതരോഗം ഉണ്ടായതിനെ തുടർന്ന് നിറുത്തിവച്ച കൊവിഡ് പരീക്ഷണം എല്ലാ മുൻകരുതലുകളോടും പുനരാരംഭിച്ച വിവരം ആശ്വാസത്തോടെയാണ് ലോകം കേട്ടത്. ലോകത്ത് മനുഷ്യരാശിയുടെ തന്നെ കാലനായി എത്തിയ കൊവിഡ് മഹാമാരിക്കെതിരെ ഫലപ്രദമായ ഔഷധങ്ങളൊന്നും ഇതുവരെ കണ്ടെത്താനാവാത്ത സാഹചര്യത്തിൽ ലോക രാഷ്ട്രങ്ങൾ പ്രതീക്ഷകളോടെ ഉറ്റുനോക്കുന്നത് പ്രതിരോധ വാക്സിന്റെ വരവിനെയാണ്.
ഇന്ത്യ ഉൾപ്പടെയുള്ള വികസിത രാജ്യങ്ങളിൽ വാക്സിനു വേണ്ടിയുള്ള ഗവേഷണ - പരീക്ഷണങ്ങൾ നടക്കുകയാണ്. ഇന്ത്യയിലും സർക്കാർ തലത്തിലും അല്ലാതെയും വാക്സിൻ കണ്ടെത്താനുള്ള ഗവേഷണം പുരോഗമിക്കുന്നു. ബ്രിട്ടനിലെ ഓക്സ്ഫോർഡ് സർവകലാശാലയും അസ്ട്രസെനകയും ചേർന്നു നടത്തിവന്ന കൊവിഡ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് അപ്രതീക്ഷിതമായി ഇതിനിടെ നിറുത്തിവയ്ക്കേണ്ടി വരുന്നത്. വാക്സിന്റെ മനുഷ്യനിൽ ഉള്ള പരീകഷണത്തിൽ ഉണ്ടായ കല്ലുകടിക്കു പരിഹാരം തേടി പരീക്ഷണം തുടരാൻ ബന്ധപ്പെട്ട സ്ഥാപനങ്ങൾ പിന്നീട് തീരുമാനമെടുക്കുകയായിരുന്നു. ഓക്സ്ഫോർഡ് സർവകലാശാലയുടെ മരുന്നിന്റെ പരീക്ഷണങ്ങളിൽ ഇന്ത്യയും പങ്കാളികളാണ്. അതുകൊണ്ടു തന്നെ ആ മരുന്ന് പരീക്ഷണങ്ങളിൽ വിജയം കാണുന്നതും കാത്ത് ഇന്ത്യയും ആകാഷയോടെ കാത്തിരിക്കുകയാണ്.
പരീക്ഷണം പൂർണ വിജയമെന്നു കണ്ടാൽ 2021 മാർച്ച് ആദ്യവാരത്തോടെ ഇന്ത്യയിലും കൊവിഡ് വാക്സിൻ വിപണിയിലെത്തുകയാണ്. അതുകൊണ്ടു തന്നെ ആ വിജയ സുദിനത്തിനായി ഇന്ത്യയും നാളുകൾ എണ്ണുകയാണ്. വാക്സിൻ ആദ്യഘട്ടത്തിൽ നൽകേണ്ട മുൻഗണനാ വിഭാഗങ്ങളെ നിശ്ചയിക്കേണ്ട കാര്യങ്ങളുമായി ആരോഗ്യമന്ത്രാലയം മുന്നോട്ട് പോവുകയാണ്. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ, വയോജനങ്ങൾ തുടങ്ങിയ വിഭാഗങ്ങൾക്ക് മുൻഗണന നൽകാനാണ് ആരോഗ്യമന്ത്രാലയം ആലോചിക്കുന്നത്. വിപുലമായ തോതിൽ വാക്സിൻ നൽകുന്നതിനുള്ള മുന്നൊരുക്കങ്ങളും ആരോഗ്യമന്ത്രാലയം ആലോചിക്കുന്നു. രാജ്യത്ത് മിക്ക ലാബുകളിലും കൊവിഡ് വാക്സിനായി ഗവേഷണ - പരീക്ഷണങ്ങൾ നടക്കുന്നതിനാൽ ഏറ്റവും ഫലമെന്നു ആദ്യം കാണുന്ന വാക്സിനായിരിക്കും ജനങ്ങൾക്ക് വൈറസിൽ നിന്ന് സുരക്ഷയൊരുക്കാൻ ആദ്യം നൽകുന്നത്.
വാക്സിനെക്കുറിച്ച് ജനങ്ങൾക്കിടയിൽ ഒരുവിധ സന്ദേഹവും ജനിക്കാതിരിക്കാനാണ് ആരോഗ്യമന്ത്രാലയം ആലോചിക്കുന്നത്. അതിനായി താൻ തന്നെ ആദ്യം വാക്സിൻ സ്വീകരിക്കാൻ മുന്നോട്ടു വരുമെന്നാണ് ആരോഗ്യമന്ത്രി മന്ത്രി ഹർഷ് വർദ്ധൻ പറഞ്ഞിട്ടുള്ളത്. അധികാര സ്ഥാനത്തിരിക്കുന്നവർ ജനങ്ങൾക്ക് മാതൃക കാണിക്കേണ്ടത് സ്വന്തം പ്രവൃത്തിയിലൂടെയാണെന്ന സത്യത്തിനു മുന്നിൽ, വാക്സിൻ പ്രയോഗത്തിൽ കേന്ദ്രമന്ത്രിയുടെ പ്രശംസ പിടിച്ചു പറ്റുന്നതാണ്. 135 കോടി ജനങ്ങളുള്ള ഇന്ത്യയിൽ ആവശ്യക്കാർക്കെല്ലാം വാക്സിൻ നൽകുകയെന്നത് അതീവ ശ്രമകരമായ ദൗത്യം തന്നെയാണ്. ശ്രദ്ധാപൂര്വമായ ആസൂത്രണവും ഒരുക്കങ്ങളും ആരോഗ്യ പ്രവർത്തകരുടെ കഠിനാദ്ധ്വാനവും ഈ ദൗത്യത്തിൽ നിർണ്ണായകമാണ്. വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് ഇപ്പോൾ ഇന്ത്യയിൽ നടക്കുന്നത്. ഒരുഘട്ടം കൂടി വിജയം കണ്ടാലേ അത് വിപണിയിൽ എത്തിക്കാൻ കഴിയൂ. പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്നാംഘട്ട പരീക്ഷണം രണ്ടുദിവസത്തിനുള്ളിൽ പുനരാരംഭിക്കുകയാണ്.
അമേരിക്ക കഴിഞ്ഞാൽ ലോകത്ത് കൊവിഡ് രോഗികൾ ഏറ്റവുമധികമുള്ള ഇന്ത്യയിൽ 48 ലക്ഷം പേർക്ക് ഇതിനകം രോഗം ബാധിച്ചിട്ടുണ്ട്. ഇപ്പോൾ ദിവസവും ഒരുലക്ഷത്തിനോടടുത്തുള്ള രോഗികളാണ് പുതിയതായി ഉണ്ടാകുന്നത്. മരണം എൺപതിനായിരത്തോട് അടുക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷവും നിലനിൽക്കുകയാണ്. ജാതി മത വർണ്ണ വർഗ്ഗ വ്യത്യാസങ്ങളോ, ആൺ - പെൺ വ്യത്യാസമോ ഇല്ലാതെ സർവ മനുഷ്യരെയും പിടികൂടുന്ന കൊവിഡ് എന്ന ഭീകരനിൽ നിന്നുള്ള പൂർണമുക്തി എന്നത് ഫലപ്രദമായ വാക്സിനെ ആശ്രയിച്ചാണിരിക്കുന്നത്. ഇനിയും ആറുമാസമെങ്കിലും അതിനായി ക്ഷമയോടെ കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
രാജ്യത്ത് മൂന്നിടങ്ങളിൽ വാക്സിൻ പരീക്ഷണം രണ്ടാം ഘട്ടത്തിന്റെ അവസാനമെത്തിയിരിക്കുന്നു. ഓക്സ്ഫോർഡ് വാക്സിന്റെ പരീക്ഷണം ആകട്ടെ ഇന്ത്യയിൽ മൂന്നാംഘട്ടത്തിലാണ്. ഇതിനിടെ റഷ്യയുടെ സ്പുട്നിക് വാക്സിൻ പരീക്ഷണഘട്ടങ്ങൾ കടന്ന് പ്രയോഗക്ഷമമായിക്കഴിഞ്ഞെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നെങ്കിലും അതിന്റെ ആധികാരികതയെ ശാസ്ത്ര ലോകം സംശയത്തോടെയാണ് ഉറ്റുനോക്കുന്നത്. ആവശ്യമായ പരീക്ഷണ ഘട്ടങ്ങൾ ഉണ്ടായിരുന്നില്ല എന്ന കാരണമാണ് റഷ്യൻ വാക്സിൻ സ്വീകാര്യമല്ലാതെ വരാൻ മുഖ്യ കാരണമായത്. അതേസമയം, തങ്ങളുടെ കണ്ടുപിടിത്തത്തിൽ റഷ്യ ഇപ്പോഴും തികഞ്ഞ ആത്മവിശ്വാസത്തിൽ തന്നെയാണ്.
കൊവിഡിനെ തുരത്താനുള്ള വാക്സിൻ എത്താൻ കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയിൽ, രോഗവ്യാപനം തടയാനുള്ള നടപടികൾ പൂർവാധികം ശക്തമായ നിലയിൽ ആണ് നടത്തിവരുന്നത്. സുരക്ഷയും മുൻകരുതലും ശക്തിപ്പെടുത്തി, രോഗവ്യാപനം തടയാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നു വരുന്നതെങ്കിലും, മിക്ക സംസ്ഥാനങ്ങളിലും രോഗം വധിക്കുകതന്നെയാണ്. സാമൂഹിക അകലം, മാസ്ക് ധാരണം എന്നീ രണ്ടു കാര്യങ്ങളിൽ നൂറു ശതമാനവും ശ്രദ്ധിച്ചാൽത്തന്നെ രോഗവ്യാപനം ഗണ്യമായി നിയന്ത്രിക്കാനാവുമെന്നാണ് വിദഗ്ദ്ധർ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാൽ, ഏറ്റവും ഉയർന്ന സാക്ഷരത നിരക്കുള്ള കേരളത്തിൽപ്പോലും ദിവസേന ആയിരക്കണക്കിനു പേർ മാസ്ക് ധരിക്കാത്തതിന്റെ പേരിൽ പൊലീസ് പിടിയിലാകുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.
ലോകവിപണി പിടിച്ചടക്കാൻ ഔഷധനിർമ്മാണ കമ്പനികളും വികസിത രാജ്യങ്ങളും ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഔഷധനിർമ്മാണ കമ്പനികൾ വികസിത രാജ്യങ്ങളെയാണ് ലക്ഷ്യം വെക്കുന്നത്. കൊവിഡ് എന്ന കാലനെ ലോകത്തിന്റെ നാശത്തിനായി തുറന്നുവിട്ട ചൈന ആവട്ടെ ഇതിനായി പുതിയ സൗഹൃദ കൂട്ടായ്മ ഉണ്ടാക്കുകയാണ്. ഇൻഡോനേഷ്യ, പാകിസ്ഥാൻ, നേപ്പാൾ, ഫിലിപ്പൈൻസ്, ബംഗ്ളാദേശ്, തുടങ്ങിയ രാജ്യങ്ങൾക്ക് സൗജന്യ നിരക്കിലോ സൗജന്യമായിത്തന്നെയോ വാക്സിൻ നൽകി ആ രാജ്യങ്ങളെ തങ്ങളുടെ ഒപ്പം നിർത്താനാണ് ചൈന ശ്രമിക്കുന്നത്. കൊവിഡ് വാക്സിൻ
സംബന്ധിച്ച വിഷയത്തിൽ ലോക രാജ്യങ്ങൾക്ക് മാർഗദർശനം നൽകേണ്ട ലോകാരോഗ്യ സംഘടന ആവട്ടെ വ്യക്തമായ നിലപാടുകളിൽനിന്നകന്ന് വെറും പ്രസ്താവന പ്രസ്ഥാനമായി മാറുന്ന കാഴ്ചയാണ് ലോകം കാണുന്നത്. വാക്സിൻ ഗവേഷണ - പരീക്ഷണങ്ങൾക്ക് പൊതുവായ നേതൃത്വം നൽകാൻ പോലും സംഘടനയ്ക്കു കഴിയുന്നുമില്ല. ചൈനീസ് പക്ഷപാതിത്വം ആരോപിച്ച് അമേരിക്ക സംഘടനയിൽ നിന്ന് അതുകൊണ്ടു തന്നെ വിട്ടുനിൽക്കുകയാണ്.