ഒന്നര വർഷത്തെ പ്രതികാര കഥ,’പുലിമുരുകൻ’പിടിയിലായി.

മുന്നാറിലെ പുലിമുരുകൻ ഒടുവിൽ പോലീസ് പിടിയിലായി. അച്ഛനെ കൊന്ന പുലിയോടുള്ള പ്രതികാരമാണ് വെള്ളിത്തിരയിലെ പുലിമുരുകൻ്റെ കഥയെങ്കിൽ ഇങ്ങ് മൂന്നാറിൽ വനം വകുപ്പിൻ്റെ പിടിയിലായ എ കുമാറിന് പറയാനുള്ളത് തൻ്റെ ജീവിതോപാധി തന്നെ ഇല്ലാതാക്കിയ പുലിയോടുള്ള പ്രതികാരത്തിൻ്റെ കഥയാണ്.

കെണിയിൽപ്പെട്ട് പുള്ളിപ്പുലി ചത്ത സംഭവത്തിൽ കെണിവെച്ചതിനാന്ന് കണ്ണൻദേവൻ കമ്പനി കന്നിമല ലോവർ ഡിവിഷനിൽ എ.കുമാറിനെ വനം വകുപ്പ് അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഒന്നര വർഷത്തെ പ്രതികാരത്തിൻ്റെ കഥ കുമാർ വനം വകുപ്പധികൃതരോട് പങ്കുവെച്ചത്.തോട്ടം തൊഴിലാളിയായ ഇയാളുടെ പശുവിനെ ഒന്നരവർഷം മുമ്പ് പുലി പിടിച്ചിരുന്നു.
കുമാറിൻ്റെ ഏക വരുമാന മാർഗ്ഗമായിരുന്നു ഓമനിച്ചു വളർത്തിയ ഈ പശു. പട്ടാപ്പകൽ പറമ്പിൽ മേയാൻ വിട്ടിടത്ത് നിന്നാണ് പുലി പശുവിനെ അക്രമിക്കുന്നത്. ഇതോടെ പുലിയെ പിടികൂടുമെന്നും വകവരുത്തുമെന്നും കുമാർ അയൽവാസികളോട് പറഞ്ഞിരുന്നു. ഒന്നര വർഷത്തോളം കെണിവച്ച് കാത്തിരുന്ന ശേഷമാണ് പുലി കെണിയിൽ കുടുങ്ങിയത്. മിക്ക ദിവസവും ആരും കാണാതെ താൻ കെണിയുടെ സമീപത്ത് പോയി നോക്കാറുണ്ടെന്ന് കുമാർ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ജീവനോടെ കെണിയിൽ പെട്ട പുലിയെ ഇയാൾ വകവരുത്തുകയായിരുന്നു.
സെപ്റ്റംബർ എട്ടിനാണ് കന്നിമല ലോവർ ഡിവിഷനിൽ മൂന്നാം നമ്പർ ഫീൽഡിൽ നാലുവയസുള്ള പുള്ളിപ്പുലിയെ കെണിയിൽപ്പെട്ട് ചത്ത നിലയിൽ കണ്ടെത്തിയത്. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മൂന്നാർ എസി എഫ് സജിഷ്കുമാർ, റേഞ്ച് ഓഫീസർ ഹരീന്ദ്രനാഥ് എന്നിവരാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.