ഇന്ത്യ 30 വാക്സിനുകൾ വികസിപ്പിക്കുന്നു.

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്.ഇതുവരെ ഒരു വാക്സിനും പൂർണ വിജയമായിട്ടില്ല.എല്ലാ ലോകരാജ്യങ്ങളിലും വാക്സിനായുള്ള പരീക്ഷണങ്ങൾ നടക്കുമ്പോഴാണ് ഇന്ത്യ 30 വാക്സിനുകൾ
വികസിപ്പിച്ചു വരുകയാണെന്നും, അതിൽ മൂന്നെണ്ണം ഗവേഷണത്തിൽ മുന്നിൽ എത്തിയതായും ഉള്ള ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ് വന്നിരിക്കുന്നത്.
2021 ആരംഭത്തോടെ രാജ്യത്ത് കൊവിഡ് 19 വാക്സിൻ ലഭ്യമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പാർലമെൻറിനെ അറിയിച്ച് ഒരു ദിവസത്തിനു ശേഷം രാജ്യത്തെ വാക്സിൻ ഗവേഷണത്തിൻ്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തു വിട്ട് കേന്ദ്രസർക്കാർ. രാജ്യത്ത് 30 കൊവിഡ് വാക്സിനുകളാണ് ഗവേഷണ ഘട്ടത്തിലുള്ളതെന്നും അതിൽ മൂന്നെണ്ണം ഗവേഷണത്തിൽ വളരെ മുന്നിലെത്തിയെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ പരീക്ഷണങ്ങൾ നടത്തുന്ന ഓക്സ്ഫഡ് വാക്സിൻ,ഐസിഎംആർ – നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സഹകരണത്തോടെ ഇന്ത്യൻ വാക്സിൻ നിർമാതാവായ ഭാരത് ബയോടെക് വികസിപ്പിക്കുന്ന വോൾ വൈറൻ പരീക്ഷണ വാക്സിൻ, കാഡില ഹെൽത്ത്കെയർ വികസിപ്പിച്ച ഡിഎൻഎ വാക്സിൻ എന്നിവയാണ് ഗവേഷണത്തിൽ മുന്നിലുള്ളത്.
രണ്ട് ആഗോള വാക്സിനുകളുടെ പരീക്ഷണമാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഐസിഎംആറും ചേർന്ന് നടത്തുന്നത്. ബ്രസീലിലടക്കം മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്തുന്ന ഓക്സ്ഫഡ് വാക്സിൻ്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങളാണ് ഇന്ത്യയിൽ ഐസിഎംആറിൻ്റെ സഹകരണത്തോടെ 14 കേന്ദ്രങ്ങളിൽ നടത്തുന്നത്.
കാഡില ഹെൽത്ത്കെയർ നിർമിച്ച വാക്സിൻ മൃഗങ്ങളിൽ പരീക്ഷിച്ചെന്നും ഫലപ്രാപ്തിയും സുരക്ഷയു തെളിയിക്കപ്പെട്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. വാക്സിൻ്റെ ഒന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കി. മികച്ച സുരക്ഷയുണ്ടായെന്ന് വ്യക്തമായെങ്കിലും രോഗപ്രതിരോധശേഷിയുണ്ടാക്കാനുള്ള കഴിവ് പഠിച്ചു വരുന്നതേയുള്ളൂ. വാക്സിൻ്റെ രണ്ടാം ഘട്ട പരീക്ഷണം നടക്കുകയാണ്. ഭാരത് ബയോടെക് വികസിപ്പിക്കുന്ന വാക്സിൻ്റെ സുരക്ഷയും ഫലപ്രാപ്തിയും എലികളിലും ഹാംസ്റ്ററുകളിലും മുയലുകളിലും പരീക്ഷിച്ചതായി കേന്ദ്രമന്ത്രാലയം അറിയിച്ചു. ഇത്തരത്തിൽ വാക്സിൻ്റെ സുരക്ഷ വളരെ മികച്ചതാണെന്നു തെളിഞ്ഞു. ഏതെങ്കിലുമൊരു പരീക്ഷണം വിജയിച്ചാൽ ലോകരാഷ്ടങ്ങളിൽ തന്നെ ഇന്ത്യക്ക് അതൊരു മേൽക്കൈ ആകും. ലോകത്താകമാനം പടർന്ന് പിടിച്ച കോവിഡിനും ഒരു പരിഹാരമാകും.