കരമന ദുരൂഹ മരണം; അന്വേഷണം വഴിത്തിരിവിലേക്ക്

തിരുവനന്തപുരം: കരമന ജയമാധവൻ നായരുടെ ദുരൂഹ മരണം സംബന്ധിച്ചുള്ള അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. ജയമാധവൻ നായരുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. തുടക്കം മുതൽ സംശയത്തിന്റെ നിഴലിലായിരുന്ന കാര്യസ്ഥന്റെ മൊഴികൾ വ്യാജമാണെന്നാണ് തെളിയുന്നത്.കാര്യസ്ഥാൻ രവീന്ദ്രൻ നായരെ പ്രതിയാക്കുന്ന കാര്യം ക്രൈം ബ്രാഞ്ചിന്റെ പരിഗണനയിലാണ്
ജയമാധവൻ നായരുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ ഗൂഢാലോചന നടന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ജയമാധവൻ നായരുടെ വീട്ടിൽ വെച്ച് വിൽപ്പത്രം തയ്യാറാക്കിയെന്നും സ്വത്ത് വിൽക്കാൻ അനുമതിപത്രം കിട്ടിയെന്നുമുള്ള മൊഴി കളവാണെന്നാണ് തെളിവുകൾ വ്യക്തമാക്കുന്നത്.ഒരു കുടുംബത്തിലെ അഞ്ചു പേരാണ് തിരുവനന്തപുരം കരമനയിലെ ഉമാമന്ദിരം എന്ന വീട്ടിൽ അസ്വാഭാവിക സാഹചര്യങ്ങളിൽ മരിച്ചത്. ജയമാധവൻ നായരുടേതായിരുന്നു കുടുംബത്തിലെ അവസാന മരണം. ഇതിനു ശേഷം അദ്ദേഹത്തിന്റെ 100 കോടിയോളം വിലവരുന്ന സ്വത്തുക്കൾ കാര്യസ്ഥനായ രവീന്ദ്രനും അകന്ന ബന്ധുക്കളും പങ്കിട്ടെടുത്തതോടെയാണ് ദുരൂഹത വർധിച്ചത്.

കരമന കുളത്തറ കൂടത്തിൽ ഗോപിനാഥൻ നായർ, ഭാര്യ സുമുഖി അമ്മ, മക്കളായ ജലബാലകൃഷ്ണൻ, ജയപ്രകാശ്, ജയശ്രീ, ഗോപിനാഥന്റെ സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ, മറ്റൊരു സഹോദരൻ നാരായണ നായരുടെ മകൻ ജയമാധവൻ നായർ എന്നിവരാണ് വിവിധ കാലഘട്ടങ്ങളിലായി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്. ജയമാധവൻ നായരാണ് അവസാനം മരിച്ചത്.2017 ഏപ്രിൽ രണ്ടിനാണ് ജയമാധവനെ കൂടത്തിൽ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. കാര്യസ്ഥനായ രവീന്ദ്രൻ നായർ അദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. വീട്ടിലെ ഹാളിൽ വാതിലിന്റെ കട്ടിളപ്പടിയോട് ചേർന്ന് കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് ജയമാധവൻ നായരെ കാണപ്പെട്ടതെന്നാണ് കേസിൽ ആദ്യം മൊഴി നൽകിയ രവീന്ദ്രൻ നായർ വെളിപ്പെടുത്തിയിട്ടുള്ളത്. ജയമാധവൻ ഏറെനാളായി അപസ്മാര രോഗത്തിനും, മനോരോഗത്തിനും ചികിത്സയിലായിരുന്നുവെന്നും കാര്യസ്ഥൻ പറഞ്ഞിരുന്നു.