മുംബൈയിൽ ഫ്‌ളാറ്റ് തകർന്ന് പത്തു മരണം

മുംബൈ: മഹരാഷ്ട്ര തലസ്ഥാനമായ മുംബൈയിലെ ഭീവണ്ടിയിൽ മൂന്നു നില കെട്ടിടം തകർന്ന് പത്ത് മരണം. തകർന്ന കെട്ടിടത്തിൽ നിന്ന് കുട്ടികളടക്കം 20 പേരെ രക്ഷപ്പെടുത്തി. 25 പേർ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്.
മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയെന്നാണ് വിവരം. പുലർച്ചെ 3.40ന് പട്ടേൽ കോംമ്പൗണ്ട് ഏരിയയിലാണ് സംഭവം. ദേശീയ ദുരന്ത നിവാരണസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
കുടുങ്ങി കിടക്കുന്നവരെ കണ്ടെത്താൻ വിദഗ്ധ പരിശീലനം ലഭിച്ച നായെ ഉപയോഗിച്ച് തെരച്ചിൽ നടത്തുന്നുണ്ട്. 20 ഓളം കുടുംബങ്ങൾ കെട്ടിടത്തിൽ താമസിച്ചിരുന്നു. 40 വർഷം പഴക്കമുള്ള കെട്ടിടം പൊളിച്ചുനീക്കാൻ അധികൃതർ ഉത്തരവിട്ടിരുന്നു.ഈ മാസം മാത്രം മുംബൈയിൽ നിരവധി കെട്ടിട അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ദോഗ്രി ഏരിയയിൽ എട്ടുനില കെട്ടിടവും സെപ്റ്റംബർ ഒന്നിന് പൾഗാർ അച്ചോളി ഏരിയയിൽ നാലുനില കെട്ടിടവും തകർന്നു വീണിരുന്നു.