വൈപ്പിനിൽ യുവാവിനെ മർദിച്ചുകൊന്ന സംഭവം; മൂന്നുപേർ കൂടി പിടിയിൽ.

കൊച്ചി: വൈപ്പിനിൽ യുവാവിനെ മർദിച്ചുകൊന്ന സംഭവത്തിൽ മൂന്നുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് ചെറായി സ്വദേശി പ്രണവ് തലയ്ക്കടിയേറ്റ് മരിച്ചത്. കാമുകിയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു
പ്രതികളിൽ ഒരാളുടെ കാമുകിയുമായി കൊല്ലപ്പെട്ട പ്രണവ് അടുപ്പത്തിലായിരുന്നു. ഇതേ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ചെറായി സ്വദേശികളായ ശരത്, ജിബിൻ, അമ്പാടി എന്നിവരാണ് പിടിയിലായത്. അമ്പാടി എന്നയാളെ ഇന്നലെ പിടികൂടിയിരുന്നു. കേസിൽ ചെറായി സ്വദേശി നാംദേവുകൂടി പിടിയിലാകാനുണ്ട്. കേസിലെ ഒന്നാം പ്രതി ശരത് മറ്റൊരു വധശ്രമ കേസിലെ പ്രതി കൂടിയാണ്. വൈപ്പിൻ പള്ളത്താംകുളങ്ങര ബീച്ചിന് സമീപം പുലർച്ചെ നാലുമണിക്കായിരുന്നു കൊലപാതകം നടന്നത്.
ദേഹമാസകലം മർദ്ധനമേറ്റ പാടുകളും മുറിവുകളും ഉണ്ടായിരുന്നു. തലയ്ക്കും കൈയ്ക്കും അടിയേറ്റിട്ടുണ്ട്. തലപൊട്ടി രക്തം വാർന്ന നിലയിലായിരുന്നു. ആദ്യഘട്ടത്തിൽ പൊലീസിനും നാട്ടുകാർക്കും മൃതദേഹം തിരിച്ചറിയാനായില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് പ്രണവാണെന്ന് കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും മർദ്ദിക്കാൻ ഉപയോഗിച്ച വടിയുടെ കഷണങ്ങളും പൊട്ടിയ ട്യൂബ് ലൈറ്റ് കഷണങ്ങളും കണ്ടെത്തിയിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.