ഫേസ്ബുക്ക് കേസ്; ഡൽഹി സർക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

ഫേസ്ബുക്ക് കേസിൽ ഡൽഹി സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് ഇന്ത്യ മേധാവി അജിത് മോഹൻ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. കേസ് അടുത്ത മാസം 15 ന് കോടതി വീണ്ടും പരിഗണിക്കും വരെ യാതൊരു വിധ തുടർ നടപടികളും പാടില്ലെന്നാണ് കോടതി നിയമസഭ സമിതിക്ക് നിർദ്ദേശം നൽകി. ചൊവ്വാഴ്ചയാണ് സുപ്രീംകോടതിയിൽ ഫേസ്ബുക്ക് ഹരജി ഫയൽ ചെയ്തത്.
നിയമ സഭാ സമിതി ഫേസ്ബുക്ക് ഇന്ത്യക്കയച്ച സമൻസ് പ്രകാരം അജിത് മോഹൻ അസംബ്ലി പാനലിനു മുന്നിൽ ഹാജരായിരുന്നില്ല. പകരം ഫേസ്ബുക്ക് ഇന്ത്യ ട്രസ്റ്റ് ആന്റ് സേഫ്റ്റി ഡയരക്ടർ വിക്രം ലംഗെ സമൻസിനെ തിരസ്‌കരിച്ചുകൊണ്ട് ഒരു കത്തയക്കുകയാണ് ചെയ്തത്. ഈ മറുപടിക്കെതിരെ ഡൽഹി പീസ് ആന്റ് ഹാർമണി കമ്മിറ്റി അംഗങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പാനലിനു മുമ്പിൽ ഹാജരാകാത്ത പക്ഷം കമ്പനിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നാണ് അംഗങ്ങൾ ആവശ്യപ്പെട്ടത്.
വിദ്വേഷ വാക്കുകൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ബി.ജെ.പിയുടെ മൂന്ന് നേതാക്കളും ഇപ്പോഴും ഫേസ്ബുക്കിൽ സജീവമാണ്. ബി.ജെ.പി നേതാവ് ടി. രാജ സിംഗിന്റെ വിദ്വേഷ പോസ്റ്റിനെതിരായ നടപടി ഒഴിവാക്കിയതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് കേന്ദ്ര സർക്കാരിനു വേണ്ടി ഫേസ്ബുക്ക് തങ്ങളുടെ മാനദണ്ഡങ്ങൾ തിരുത്തുന്നതായി കണ്ടെത്തിയത്.
ജസ്റ്റിസ് സജയ് കൗൾ അധ്യക്ഷനായ മൂന്നാംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഒരാഴ്ചയ്ക്കുളളിൽ തന്നെ മറുപടി നൽകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ബിജെപിയുടെ വിദ്വേഷ പ്രചാരണത്തിന് വേദിയൊരുക്കിയെന്ന പരാതിയുമായി ബന്ധപ്പെട്ട് ഇന്ന് ഹാജരാകാനായിരുന്നു നിയമസഭയുടെ സമാധാന സമിതി നോട്ടീസ് നൽകിയത്.