22,100 കോടിരൂപ ബാധ്യത,വോഡഫോൺ ഗ്രൂപ്പിന് അന്താരാഷ്ട്ര തർക്കപരിഹാര കോടതിയുടെ അനുകൂല വിധി.

നികുതി ബാധ്യതയായി കേന്ദ്ര സർക്കാരിന് 22,100 കോടിരൂപ അടക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ വോഡഫോൺ ഗ്രൂപ്പിന് അന്താരാഷ്ട്ര തർക്കപരിഹാര കോടതിയുടെ അനുകൂല വിധി. നിയമ നടപടികളുമായി ബന്ധപ്പെട്ട് വോഡാഫോൺ ഗ്രൂപ്പിന് വന്ന ചിലവുകളുടെ ഭാഗിക നഷ്ടപരിഹാര തുകയെന്ന നിലയിൽ 40.3 കോടി രൂപ സർക്കാർ വോഡഫോണിന് നൽകണമെന്നും ഹേഗിലെ അന്താരാഷ്ട്ര തർക്കപരിഹാര കോടതി വിധിപറയുകയായിരുന്നു.
വോഡഫോണിന് മേൽ നികുതിയും പലിശയും പിഴയും ചുമത്തുന്നത് ഇന്ത്യ, നെതർലൻഡ്സ് ഉഭയകക്ഷി നിക്ഷേപ ഉടമ്പടിയുടെ ലംഘനമാണെന്നും ട്രൈബ്യൂണൽ വിധിക്കുകയുണ്ടായി.
2007ല്‍ ഹച്ചിസൺ വാംപോവയുടെ ഇന്ത്യയിലെ ടെലികോം വ്യവസായ നിക്ഷേപം വോഡഫോണ്‍ ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് കമ്പനിയിൽ നിന്ന് മുൻകാല നികുതി ബാധ്യത സർക്കാർ ആവശ്യപ്പെടുന്നത്. ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വോഡഫോൺ നികുതി അടയ്ക്കാന്‍ ബാധ്യസ്ഥരാണെന്ന് സര്‍ക്കാര്‍ കമ്പനിയോട് നിർദേശിച്ചിരുന്നു. തുടർന്ന് 2016 ൽ ഹേഗിലെ അന്താരാഷ്ട്ര തർക്ക പരിഹാര കോടതിയെ വോഡഫോൺ സമീപിക്കുകയായിരുന്നു.
ഹച്ചിസൺ വാംപോവയുടെ 67 ശതമാനം ഓഹരികൾ വാങ്ങിയതിന്റെ 1100 കോടി ഡോളറിന്റെ കരാറുമായി ബന്ധപ്പെട്ട മൂലധന നേട്ടത്തിൽ 7990 കോടി രൂപ വോഡഫോൺ നികുതി അടക്കണമെന്ന് 2009ൽ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. തുകയിന്മേലുള്ള പലിശയും പിഴയും അടക്കമാണ് പിന്നീട് 22,100 കോടി രൂപ ആവശ്യപ്പെടുന്നത്. ഇടപാടുകൾ വഴിയുളള മൂലധന നേട്ടം വോഡഫോൺ നേടിയത് ഇന്ത്യയിൽ നിന്നാണെന്നാണ് ആദായനികുതി വകുപ്പ് ഇക്കാര്യത്തിൽ വാദിച്ചത്.