വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം,നുണപരിശോധന പൂർത്തിയായി,15 ദിവസത്തിനുള്ളിൽ അറസ്റ്റ് ഉണ്ടാവും.

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹതയുമായി ബന്ധപ്പെട്ട കേസിൽ നുണപരിശോധന പൂർത്തിയായി. കൊച്ചിയിലെ സിബിഐ ഓഫീസിൽ ആയിരുന്നു നുണ പരിശോധന. 15 ദിവസത്തിനുള്ളിൽ കേസിൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം. ചെന്നൈയിലെയും ഡൽഹിയിലെയും ഫോറൻസിക് ലാബുകളിലെ പ്രത്യേക സംഘമെത്തിയാണ് നുണ പരിശോധന നടത്തിയത്. ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിനു പിന്നിലെ ദുരൂഹത നീക്കുന്നതിന്റെ ഭാഗമായാണ് സി.ബി.ഐ. നുണ പരിശോധന നടത്തിയത്. ബാലഭാസ്കറിന്റെ മരണം ആസൂത്രിത കൊലപാതകമാണെന്ന് ആരോപണമുന്നയിച്ച സോബി ജോർജ്, ബാലഭാസ്കറിൻ്റെ മാനേജരായിരുന്ന പ്രകാശൻ തമ്പി, ഡ്രൈവർ അർജ്ജുൻ, സുഹൃത്തായിരുന്ന വിഷ്ണു സോമസുന്ദരം, എന്നിവരുടെ നുണപരിശോധനയാണ് നടന്നത്. അപകട സമയത്ത് ബാലഭാസ്കറിന്റെ കൂടെ കാറിൽ ഉണ്ടായിരുന്ന അർജുൻ മൊഴി മാറ്റിയതിലും ബന്ധുക്കൾ സംശയം ഉണ്ടായി. താനല്ല ബാലഭാസ്കർ ആണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് അർജുനൻ പറഞ്ഞിരുന്നത്.
വൈരുദ്ധ്യം ഉള്ള ഈ മൊഴികളിൽ വ്യക്തത വരുത്തുന്നതിന് ആയിട്ടാണ് ഡ്രൈവർ അർജുനെയും നുണ പരിശോധനയ്ക്ക് വിധേയനാക്കിയത്.
പ്രകാശൻ തമ്പിയുടെയും അർജുന്റെയും നുണപരിശോധന നേരത്തെ പൂർത്തിയാക്കിയിരുന്നു. ബാലഭാസ്ക്കറിന്റെ മാനേജറായിരുന്ന പ്രകാശൻ തമ്പിയും, സുഹൃത്തായിരുന്ന വിഷ്ണു സോമസുന്ദരവും തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ പ്രതികളായതോടെയാണ് ബാലഭാസ്കറിന്റെ ബന്ധുക്കളടക്കം ഇരുവർക്കുമെതിരെ സംശയങ്ങൾ ആരോപിക്കുന്നത്.