DeathEditor's ChoiceLatest NewsNationalNews

മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു.

ബി.ജെ.പിയുടെ സ്ഥാപക നേതാക്കളിൽ ഒരാളും കേന്ദ്രമന്ത്രിയുമായിരുന്ന ജസ്വന്ത് സിങ് അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് ഞായറാഴ്ച രാവിലെ 6.55 ഓടെയായിരുന്നു മരണം.82 വയസ്സായിരുന്നു.പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ട്വിറ്ററിലൂടെയാണ് മരണവാർത്ത അറിയിച്ചത്.

ജൂൺ 25നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തത്തിലെ അണുബാധ, വിവിധ അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കൽ, തലയ്ക്കേറ്റ ക്ഷതത്തിനുള്ള ചികിത്സ എന്നിവയായിരുന്നു ലഭ്യമാക്കിയിരുന്നത്.

1938 ജനുവരി മൂന്നിന് രാജസ്ഥാനിലെ ജസോളിൽ ഠാക്കൂർ സർദാർ റാത്തോഡിന്റെയും കൻവർ ബൈസയുടെയും മകനായാണ് ജനനം. 1950-60 കാലത്ത് സൈനികനായി സേവനം അനുഷ്ഠിച്ചിരുന്നു. പിന്നീട് രാഷ്ട്രീയ പ്രവേശനത്തിനായി പട്ടാളത്തിൽനിന്ന് രാജിവെച്ചു. 1960കൾ മുതൽ രാഷ്ട്രീയത്തിൽ സജീവമായെങ്കിലും ശ്രദ്ധ നേടുന്നത് എൺപതുകൾ മുതലാണ്.

വാജ്പയി മന്ത്രിസഭയിൽ ധനകാര്യം, പ്രതിരോധം, വിദേശകാര്യ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. നാല് തവണ ലോക്സഭാംഗവും അഞ്ച് തവണ രാജ്യസഭാംഗവുമായിട്ടുണ്ട്. 2014ൽ ബി.ജെ.പി ഇദ്ദേഹത്തിന് ലോക്സഭ സീറ്റ് നിഷേധിച്ചതിനു പിന്നാലെ രാജസ്ഥാനിലെ ബാർമറിൽനിന്ന് അദ്ദേഹം സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. എന്നാൽ പരാജയപ്പെട്ടു. ഇതിനു പിന്നാലെ ജസ്വന്ത് സിങ്ങിനെ പാർട്ടിയിൽനിന്ന് പുറത്താക്കി.

2014ൽ കുളിമുറിയിൽ തെന്നിവീണതിനെ തുടർന്ന് ജസ്വന്ത് സിങ്ങിന് തലയ്ക്ക് പരിക്കേൽക്കുകയും പിന്നീട് അബോധാവസ്ഥയിലാവുകയും ചെയ്തിരുന്നു

ജസ്വന്ത് സിങ് നമ്മുടെ രാജ്യത്തെ ശ്രദ്ധാപൂർവം സേവിച്ചു. ആദ്യം ഒരു സൈനികനായും പിന്നീട് ദീർഘകാലം രാഷ്ട്രീയപ്രവർത്തനത്തിലൂടെയും. അടൽജിയുടെ സർക്കാരിൽ അദ്ദേഹം നിർണായക വകുപ്പുകൾ കൈകാര്യം ചെയ്യുകയും ധനകാര്യം, പ്രതിരോധം, വിദേശകാര്യം തുടങ്ങിയവയിൽ ശക്തമായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിതനാണെന്ന് ജസ്വന്ത് സിങ്ങിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button