ദീപിക പദുക്കോണ്‍, സാറാ അലിഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ എൻ സി ബി പിടിച്ചെടുത്തു.

ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണ്‍, സാറാ അലിഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പിടിച്ചെടുത്തു. സുശാന്തിന്റെ ടാലന്റ് മാനേജര്‍ ജയ ഷാ, ഫാഷന്‍ ഡിസൈനര്‍ സിമോണി ഘംബാട്ട എന്നിവരുടെ മൊബൈല്‍ ഫോണുകളും പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസാണ് മയക്കുമരുന്നുകേസിലേക്ക് എത്തുന്നത്. റിയ ചക്രബര്‍ത്തിയുടെ വാട്‌സ് ആപ്പ് ചാറ്റുകളില്‍ നിന്നാണ് ലഹരി ഉപയോഗത്തെ കുറിച്ചുള്ള സൂചനകള്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോക്ക് ലഭിക്കുന്നത്. തുടര്‍ന്ന് റിയയെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ ബോളിവുഡിലെ മുന്‍നിര നടിമാരിലേക്കും മയക്കുമരുന്ന് അന്വേഷണം നീണ്ടു.
മുംബൈയിലെ എന്‍സിബിയുടെ ഓഫിസില്‍ വച്ചായിരുന്നു കഴിഞ്ഞദിവസം താരങ്ങളെ ചോദ്യം ചെയ്തത്. അഞ്ച് ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘം രണ്ട് റൗണ്ടുകളായി അഞ്ചു മണിക്കൂറോളമാണു ദീപികയെ ചോദ്യം ചെയ്തത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട വാട്‌സാപ് ചാറ്റുകള്‍ തന്റേതാണെന്നു നടി ദീപിക പദുകോണ്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണ് സൂചന. വാട്‌സാപ് നമ്പരും തന്റെത് ആണന്നു സ്ഥിരീകരിച്ച ദീപിക, ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും മൊഴി നൽകിയിരുന്നു.