കൊവിഡ് വ്യാപനം രൂക്ഷം, മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനം.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തും. ലോക്ഡൗൺ വേണ്ടെന്നാണ് പൊതു നിലപാടെങ്കിലും കോവിഡ് വ്യാപനം കൂടുതലുള്ള മേഖലകളിൽ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ കടുപ്പിക്കും.
ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് രേഖപ്പെടുത്തിയത് ഇന്നലെയാണ്. ഏഴായിരത്തി നാന്നൂറ്റി നാൽപത്തിയഞ്ചു പേർക്ക് രോഗം സ്ഥിരീകരിച്ചു. ഈ കണക്കുപ്രകാരം പരിശോധിച്ച ഏഴിലൊരാൾ വീതം പോസിറ്റീവ് ആകുന്നു. മൂന്നു ജില്ലകളിൽ പ്രതിദിന രോഗികൾ തൊള്ളായിരം കടന്നു. പ്രതിദിന രോഗവർധനവിനൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കഴിഞ്ഞ ദിവസങ്ങളിൽ കേരളം രാജ്യത്ത് മൂന്നാമതെത്തി. രോഗവ്യാപനം പരിധി വിട്ടാൽ ഡിസ്ചാർജ് പ്രോട്ടോക്കോൾ മാറ്റിയേക്കും.
പരിശോധനകൾ കുത്തനെ കൂട്ടണമെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. കർശനമായ ചികിത്സാ ഡിസ്ചാർജ് പ്രോട്ടോക്കോൾ ഉള്ളതിനാൽ രോഗമുക്തി നിരക്കും ഉയരുന്നത് പതുക്കെ. ദേശീയതലത്തിൽ 82 ശതമാനമാണ് രോഗമുക്തി നിരക്കെങ്കിൽ സംസ്ഥാനത്തിത് 67 ശതമാനം.