ഫെഫ്കയ്ക്ക് വീണ്ടും തിരിച്ചടി; വിനയനെതിരായ ഹർജി തള്ളി

സംവിധായകൻ വിനയന്റെ വിലക്ക് നീക്കി തങ്ങൾക്ക് പിഴ ചുമത്തിയ ഉത്തരവിനെതിരെ ഫെഫ്ക ഡയറക്റ്റേഴ്സ് യൂണിയൻ നൽകിയ ഹർജി സുപ്രീംകോടതി തളളി. തെളിവുകൾ പരിഗണിക്കാതെയാണ് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഉത്തരവിറക്കിയതെന്നും വിധി പുറപ്പെടുവിക്കാൻ ഇവർക്ക് അധികാരമില്ലെന്നുമായിരുന്നു ഫെഫ്കയുടെ വാദം. എന്നാൽ ജസ്റ്റിസ് ആർ.എഫ് നരിമാൻ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഈ വാദങ്ങൾ തളളുകയായിരുന്നു. സത്യം എല്ലാക്കാലത്തും ജയിക്കുമെന്നാണ് കോടതി നടപടിയിലൂടെ മനസിലാകുന്നതെന്നായിരുന്നു വിനയന്റെ പ്രതികരണം.
ഫെഫ്ക തലപ്പത്തുളള ബി ഉണ്ണിക്കൃഷ്ണനും സംഘടനയും കേരളത്തിലെ സിനിമ പ്രേക്ഷകരോട് മാപ്പ് പറയണമെന്നും വിനയൻ പറഞ്ഞു. വിനയന്റെ വിലക്ക് നീക്കി, സിനിമ രംഗത്തെ സംഘടനകൾക്ക് പിഴ ഈടാക്കുകയും ചെയ്ത കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെയും നാഷണൽ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണലിന്റെയും നടപടിക്ക് എതിരെ ആയിരുന്നു ഫെഫ്ക സുപ്രീംകോടതിയെ സമീപിച്ചത്. ട്രേഡ് യൂണിയൻറെ അധികാരത്തിൽ ഇടപെടാൻ ഇവർക്ക് സാധിക്കില്ലെന്നും ഫെഫ്ക വാദിച്ചിരുന്നു.