കോണ്‍ഗ്രസിനെതിരെ വിമര്‍ശനം കടുപ്പിച്ചു കെ മുരളീധരന്‍

കോഴിക്കോട്: സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനം കടുപ്പിച്ചു കെ മുരളീധരന്‍ എം പി.സര്‍ക്കാരിനെതിരായ സമരങ്ങള്‍ നിര്‍ത്താനുള്ള തീരുമാനം എടുത്തത് കൂടിയാലോചനകള്‍ ഇല്ലാതെയാണെന്ന് അദ്ദേഹം പറഞ്ഞു. സമരങ്ങള്‍ നിര്‍ത്താനുള്ള തീരുമാനം എടുത്തത് പേടിച്ചിട്ടാണെന്ന് തോന്നുമെന്നും മുരളീധരന്‍ വിമര്‍ശിച്ചു.
അതേസമയം അടുത്ത് നടക്കാന്‍ പോവുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു. താന്‍ ഉടനെ കേരളരാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കുന്ന പതിവില്ലെന്ന് കെ.മുരളീധരന്‍ പറഞ്ഞു.എല്ലായിടത്തും സ്ഥാനാര്‍ത്ഥികളാവാനും മന്ത്രിമാരാവാനും അനുയോജ്യമായ ആളുകള്‍ ഉണ്ട്.
പുനസംഘടനയില്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം താന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും പ്രചരണസമിതി സാരഥ്യം ഏറ്റെടുക്കാനാണ് പാര്‍ട്ടി ആവശ്യപ്പെട്ടത്. മുല്ലപ്പള്ളി രാമചന്ദ്രനുമായി നല്ല ബന്ധമുണ്ട്. പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യസമിതിയില്‍ തുടര്‍ന്നും ഉണ്ടാകും- കെ.മുരളീധരന്‍ പറഞ്ഞു.പാര്‍ട്ടിക്കുള്ളില്‍ ആവശ്യമായ കൂടിയാലോചനയില്ല. സമരം നിര്‍ത്തുകയല്ല. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള സമരരീതിയിലേക്ക് പാര്‍ട്ടി മാറുകയാണ് ചെയ്യേണ്ടിയിരുന്നത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.