CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

സിബിഐക്ക് തടയിടാനുള്ള നീക്കം പാളി,സർക്കാരിന് കനത്ത തിരിച്ചടി

വടക്കഞ്ചേരിയിലെ ലൈഫ് മിഷൻ അഴിമതി കേസ് അന്വേഷണ കാര്യത്തിൽ സിബിഐക്ക് തടയിടാൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലൂടെ നടത്തിയ നീക്കം പാളിയത് പിണറായി സർക്കാരിന് കനത്ത തിരിച്ചടിയായി. കേസ് സിബിഐ അന്വേഷിക്കുന്നതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ്, കേസ്അ ന്വേഷിക്കാമെന്നു സി ബി ഐ ക്ക് അനുകൂലമായി ഹൈക്കോടതി ഉത്തരവ് ഉണ്ടായത്.
അന്വേഷണവുമായി സംസ്ഥാന സർക്കാർ സഹകരിക്കണമെന്നു പറഞ്ഞ കോടതി, അന്വേഷണത്തിൽ നിന്ന് സിബിഐ യെ തടയാൻ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ കെ. വി. വിശ്വനാഥനെ നിയമിച്ച സർക്കാരിന് കോടതി ഉത്തരവ് വൻ തിരിച്ചടിയായി. സർക്കാരിന്റെ നിയമോപദേശകരുടെ നീണ്ട ഉപദേശവും, മുഖ്യന്റെ സെക്രട്ടറിമാരുടെ
ഉപദേശവും ഒന്നും ഒന്നും ഇക്കാര്യത്തിൽ വിലപ്പോയില്ല.
കരാറിൽ സർക്കാരിന് പങ്കില്ലെന്നും ഫ്ളാറ്റ് നിർമ്മാണത്തിനുളള കരാർ റെഡ് ക്രെസന്റും യൂണിടാകും തമ്മിലാണെന്നും വിശദീകരിക്കുന്ന പച്ച കളവു നിരത്തിയാണ് സി ബി ഐ അന്വേഷണത്തിൽ നിന്ന് രക്ഷപെടാൻ സർക്കാർ ശ്രമം നടത്തിയത്. അടിയന്തരമായി ഹർജി കോടതിയുടെ പരിഗണനക്ക് കൊണ്ട് വന്നു, ലൈഫ് മിഷൻ ഫയലുകൾ സി ബി ഐ പിടിച്ചെടുക്കാനുള്ള സാഹചര്യം തയടയുക എന്നതാണ് സർക്കാർ മുഖ്യമായും ലക്‌ഷ്യം വെച്ചിരുന്നത്. സി.ബി.ഐ അന്വേഷണത്തിനെതിരേ അപ്പീൽ പോവാൻ നേരത്തെ മന്ത്രിസഭ തീരുമാനിക്കുന്നത് പോലും ചില മന്ത്രിമാരുടെ രക്ഷക്ക് വേണ്ടിയായിരുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിദേശസഹായ നിയന്ത്രണ നിയമലംഘനത്തെ കുറിച്ച് സംസ്ഥാന സർക്കാരിനെ അറിയിച്ചില്ല എന്ന ആരോപണവും സർക്കാർ ഹർജിയിൽ ഉന്നയിച്ചിരുന്നതാണ്. ഹൈക്കോടതി ഹർജി തള്ളിയ സാഹചര്യത്തിൽ അടുത്ത വഴിയെന്തെന്നാണ് സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസിനെ അടുത്ത തിങ്കളാഴ്ച ചോദ്യം ചെയ്യാന്‍ സി.ബി.ഐ വിളിപ്പിച്ചിരിക്കുകയാണ്. ജോസിനെ ചോദ്യം ചെയ്‌താൽ ചിലർ കുടുങ്ങും എന്ന അവസ്ഥയിലാണ്, ലൈഫ് മിഷന് വെള്ള പൂശാൻ സർക്കാർ ഹൈക്കോടതിയിൽ അഭയം തേടിയിരുന്നത്.

അതേസമയം, ലൈഫ് മിഷന്‍ കേസില്‍ സിബിഐയും സ്വര്‍ണക്കടത്ത് കേസില്‍ നാല് കേന്ദ്ര ഏജന്‍സികളും സിപിഎമ്മിനു ചുറ്റും വട്ടമിട്ടു പറക്കുകയാണ്. യുഎഇ കോണ്‍സുലേറ്റ് മുഖേന നടത്തിയ സ്വര്‍ണക്കടത്ത് കേസില്‍ കൊടുവള്ളി നഗര സഭാ കൗണ്‍സിലറും സിപിഎം അനുഭാവിയുമായ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത് കേസിൽ പുതിയ വഴിത്തിരിവുണ്ടാക്കിയിരിക്കുകയാണ്. 2017 ല്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിച്ച ജനജാഗ്രതാ മാര്‍ച്ചിന് ആഡംബര വാഹനവും അത്യാഡംബര വിഭവങ്ങളുമൊരുക്കിയത് ഫൈസല്‍ ആയിരുന്നു.

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ 2014 മാര്‍ച്ച് 27ന് ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് അധികൃതര്‍ അറസ്റ്റ് ചെയ്തു വിട്ടയച്ച ആളാണു ഫൈസല്‍. അന്ന് കൊടുവള്ളി ഗ്രാമ പഞ്ചായത്ത് അംഗവും ഇപ്പോള്‍ നഗരസഭാ കൗണ്‍സിലറുമാണ്. രണ്ടു തവണയും സിപിഎം സ്വതന്ത്രനായിട്ടാണ് ഫൈസൽ മത്സരിച്ചത്. താന്‍ പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് ഫൈസല്‍ തുറന്നു സമ്മതിച്ചിട്ടുമുണ്ട്. അതേ സമയം, സംസ്ഥാനത്തിനകത്ത് 2000 കിലോഗ്രാം സ്വര്‍ണം കള്ളക്കടത്തു നടത്തിയ കേസിലും ഫൈസൽ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മുസ്ലിം ലീഗ് സെക്രട്ടറി എം.സി. മായീന്‍ ഹാജി ആരോപണം ഉന്നയിച്ചിരുന്നതാണ്. ഈ കേസില്‍ പല തവണ ഫൈസൽ ചോദ്യം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇങ്ങനെയൊരു കളങ്കിത വ്യക്തിയുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ബന്ധമാണ് ഇപ്പോള്‍ കൂടുതല്‍ ചര്‍ച്ചയാകുന്നത്. 2017ല്‍ കോടിയേരി ബാലകൃഷ്ണന്‍ നയിച്ച ജനജാഗ്രതാ യാത്രയ്ക്ക് കോഴിക്കോട് ജില്ലയില്‍ സ്വീകരണം ഒരുക്കുന്നതില്‍ ഫൈസല്‍ കാരാട്ട് നിര്‍ണായക പങ്ക് വഹിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള മിന‌ി കൂപ്പര്‍ ആഡംബര വാഹനത്തിലാണ് കൊടുവള്ളി മേഖലയില്‍ അന്ന് കോടിയേരി ജനജാഗ്രതാ ജാഥ നയിച്ചത്. അഴിമതി വിരുദ്ധ പ്രചാരണത്തിനു നടത്തിയയാത്ര തന്നെ വലിയ അഴിമതിയാണെന്ന് അന്നേ ആരോപപണമുയര്‍ന്നിരുന്നു.
സ്വപ്ന സുരേഷ് ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസില്‍ ഫൈസലിന്‍റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ മൊഴികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. തിരുവന്തപുരം വഴി ഏകദേശം 400 കിലോഗ്രാം സ്വര്‍ണം ഈ സംഘം അടുത്ത കാലത്ത് കള്ളക്കടത്ത് നടത്തിയിട്ടുണ്ടെന്നും അതില്‍ 80 കിലോഗ്രാം സ്വര്‍ണം വില്‍ക്കാന്‍ ഫൈസല്‍ സഹായിച്ചു എന്നുമാണ് കസ്റ്റംസിനു ലഭിച്ചിട്ടുള്ള വിവരം. ഇതിന്‍റെ ഉറവിടം വ്യക്തമാക്കാനാണ് കസ്റ്റംസ് ഫൈസലിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

ഫൈസലിനെ കസ്റ്റംസ് കൊച്ചിയിൽ ചോദ്യം ചെയ്തു വരുകയാണ്. ആവശ്യമെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതയുണ്ട്. ഫൈസലിനെ ചോദ്യം ചെയ്യുന്നതു വഴി കൂടുതല്‍ പ്രമുഖര്‍ കുടുങ്ങുമോ എന്നാണ് രാഷ്ട്രീയം ഇപ്പോൾ ഉറ്റു നോക്കുന്നത്. ലൈഫ് മിഷനില്‍ സിബിഐ സ്വമേധയാ കേസ് എടുത്ത് എഫ്ഐആര്‍ തയാറാക്കിയതും പെരിയ ഇരട്ടക്കൊലക്കേസില്‍ സര്‍ക്കാരിനെതിരേ സിബിഐ ഹൈക്കോടതിയെ സമീപിക്കുന്നതും ഇടതുമുന്നണിക്കും സംസ്ഥാന സര്‍ക്കാരിനും കനത്ത തിരിച്ചടി തന്നെയാണ്. രണ്ടു കേസിലും സിബിഐയെ തടയാന്‍ ‌ നിയമ നിര്‍മാണം പോലും മന്ത്രിസഭ ആലോചിക്കുകയാണ് ഇപ്പോൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button