Kerala NewsLatest NewsNews

കള്ളം കയ്യോടെ പിടികൂടിയതിന്‍റെ ജാള്യതയാണ് പ്രതിപക്ഷ നേതാവിന്: കോടിയേരി

തിരുവനന്തപുരം: യുഐഇ കോൺസുലേറ്റിൽ നടന്ന യുഎഇ ദിനാഘോഷത്തിൽ പങ്കെടുത്തതിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ പ്രോട്ടോകോൾ ലംഘന ആരോപണം ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺസുലേറ്റിലെ നറുക്കെടുപ്പിൽ പങ്കെടുത്തത് പ്രോട്ടോക്കോൾ ലംഘനം തന്നെയാണ്. കള്ളം കയ്യോടെ പിടികൂടിയതിന്‍റെ ജാള്യതയാണ് പ്രതിപക്ഷ നേതാവിനെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. കെടി ജലീലിന് എതിരായ ആരോപണം പിൻവലിച്ച് ചെന്നിത്തല മാപ്പ് പറയണം. പ്രോട്ടോക്കോൾ ലംഘനമാണെന്ന് അറിയില്ലെന്ന് പറയുന്ന പ്രതിപക്ഷ നേതാവിന്‍റെ നിലപാട് പരിഹാസ്യമാണെന്നും കോടിയേരി പറഞ്ഞു.

പ്രോട്ടോക്കോൾ കോൺസുലേറ്റ് ജനറലിന് മാത്രം ബാധകമെന്ന് ചെന്നിത്തല പറയുന്നു. അങ്ങനെയെങ്കിൽ കെടി ജലീലിനെതിരെ ആരോപണം ഉന്നയിച്ചതെന്തിനെന്ന് കോടിയേരി ചോദിച്ചു. യുഎഇ കോൺസുലേറ്റിന്‍റെ ഐ ഫോൺ സമ്മാനമായി കിട്ടിയത് കോടിയേരിയുടെ മുൻ പേഴ്സനൽ സ്റ്റാഫ് അംഗമടക്കമുള്ള മൂന്ന് പേർക്കാണെന്ന് ഫോട്ടോ സഹിതം വെളിപ്പെടുത്തി പ്രതിപക്ഷനേതാവ് നേരത്തെ രംഗത്തെത്തിയിരുന്നു. സ്വപ്ന സുരേഷിന്‍റെ ആവശ്യപ്രകാരം ചെന്നിത്തല അടക്കമുള്ളവർക്ക് ഐ ഫോൺ സമ്മാനമായി നൽകിയെന്ന യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന്‍റെ ഹ‍ർജി ആയുധമാക്കിയ കോടിയേരിയെ സമ്മർദ്ദത്തിലാക്കുന്നാണ് പ്രതിപക്ഷനേതാവിന്‍റെ പുതിയ വെളിപ്പെടുത്തൽ.

സന്തോഷ് ഈപ്പൻറെ ആരോപണം അഞ്ച് ഫോൺ നൽകിയെന്നാണ്. ആറെണ്ണത്തിൻറെ ബില്ലും ഹാജരാക്കിയിരുന്നു. ബാക്കി ഫോണുകളെവിടെയെന്ന് പൊലീസ് കണ്ടെത്തണമെന്നാണ് രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നത്. അതേസമയം ഫോണുകൾ കണ്ടെത്തണമെന്നാവശ്യപ്പെട്ടുള്ള ചെന്നിത്തലയുടെ പരാതിയിലെ തുടർ നടപടിയിൽ പൊലീസിന് ആശയക്കുഴപ്പമുണ്ട്. ഫോണുകൾ കണ്ടെത്തണമെങ്കിൽ കേസ് ആവശ്യമാണെന്നാണ് മൊബൈൽ കമ്പനികളുടെ നിലപാട്. ഫോൺ കളഞ്ഞുപോയാലോ, ഫോൺ ഉടമ കേസിൽ പ്രതിയാലോ മാത്രമേ IMEI നമ്പർ ഉപയോഗിച്ച് കണ്ടെത്താനാകൂ എന്നാണ് പൊലീസ് പറയുന്നത്. ഈ സാഹചര്യത്തിൽ ഇക്കാര്യത്തിൽ പൊലീസ് നിയമോപദേശം തേടിയിരിക്കുകയുമാണ്. സ്റ്റാഫിൽ ഒരാൾക്ക് വാച്ച് സമ്മാനമായി കിട്ടിയെന്ന് സമ്മതിച്ച രമേശ് ചെന്നിത്തല തനിക്ക് ഫോൺ സമ്മാനമായി ലഭിച്ചിട്ടില്ലെന്ന് ആവർത്തിച്ചു. കോടിയേരി ബാലകൃഷ്ണൻ ഉന്നയിച്ച പ്രോട്ടോകോൾ വിവാദത്തിനും ശക്തമായ തിരിച്ചടിയാണ് പ്രതിപക്ഷ നേതാവിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button