ശ്രീമതി ടീച്ചറുടെ നാട്ടിൽ നഴ്സുമാര്‍ക്ക് വിതരണം ചെയ്ത പിപിഇ കിറ്റുകളില്‍ രക്തക്കറ

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജില്‍ നഴ്സുമാർക്ക് വിതരണംചെയ്ത പിപിഇ കിറ്റുകളില്‍ രക്തക്കറ കണ്ടെത്തി. നേരത്ത ഉപയോഗിച്ച കിറ്റുകളാണ് എത്തിച്ചതെന്ന സംശയം ഉയരുന്നു ഞായറാഴ്ച രാവിലെ നഴ്സുമാര്‍ക്ക് വിതരണം ചെയ്യുന്നതിനുവേണ്ടി പാക്കറ്റ് പൊളിച്ചപ്പോഴാണ് ജാക്കറ്റില്‍ ചോരക്കറ കണ്ടെത്തിയത്.ആദ്യം ഇത്തരത്തിലുള്ള ഒരെണ്ണമാണ് ശ്രദ്ധയില്‍പ്പെട്ടതെങ്കിലും പിന്നീട് പത്തോളം കിറ്റുകളില്‍ ചോരക്കറ കണ്ടെത്തി. നേരത്തെ ഉപയോഗിച്ചശേഷം കഴുകി വീണ്ടും പായ്ക്കുചെയ്ത് എത്തിച്ചതാകാനാണ് സാധ്യത.
കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പിപിഇ കിറ്റുകള്‍ വിതരണം ചെയ്യുന്നത് കേരള മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് വഴിയാണ്. എന്നാല്‍, കോര്പ്പറേഷന് ഇതില്‍ ഉത്തരവാദിത്വമില്ലെന്നാണ് പറയുന്നത്.
പായ്ക്കുചെയ്ത പിപിഇ കിറ്റുകള്‍ തിരുവനന്തപുരത്ത് കേന്ദ്രീകൃത രീതിയില്‍ വാങ്ങുകയും അവ വിതരണം ചെയ്യുകയും മാത്രമാണ് മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് ചെയ്യുന്നത്. അതേസമയം, വിഷയം പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ ഗൗരവമായാണ് കാണുന്നത്. ഇതേപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.