ചെന്നൈ ബാക്ക് ഇൻ ആക്ഷൻ

ഫാഫ് ഡുപ്ലെസിയും ഷെയ്ൻ വാട്ട്സണും വിശ്വരൂപം പുറത്തെടുത്ത മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബിനെ 10 വിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സിന് സൂപ്പർ വിജയം.
പഞ്ചാബ് ഉയർത്തിയ 179 റൺസ് വിജയലക്ഷ്യം 17.4 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ ചെന്നൈ മറികടന്നു.
ഓപ്പണർമാരായ ഫാഫ് ഡുപ്ലെസിയും ഷെയ്ൻ വാട്ട്സണുമാണ് ചെന്നൈയെ അനായാസമായി വിജയത്തിലെത്തിച്ചത്. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും ചെന്നൈക്ക് വെല്ലുവിളി ഉയർത്താൻ പഞ്ചാബിന് സാധിച്ചില്ല.
ഐ.പി.എൽ 13-ാം സീസണിലെ തന്റെ ആദ്യ അർധ സെഞ്ചുറി നേടിയ വാട്ട്സൺ 53 പന്തുകൾ നേരിട്ട് മൂന്നു സിക്സും 11 ഫോറുമടക്കം 83 റൺസോടെ പുറത്താകാതെ നിന്നു.
53 പന്തുകൾ തന്നെ നേരിട്ട ഡുപ്ലെസ ഒരു സിക്സും 11 ഫോറുമടക്കം 87 റൺസെടുത്തു.
ഇരുവരും തുടക്കം മുതൽ തന്നെ തകർത്തടിച്ചതോടെ ആദ്യ ആറ് ഓവറിൽ തന്നെ ചെന്നൈ 60 റൺസ് കടന്നിരുന്നു. അവസാനം വരെ ഓവറിൽ 10 റൺസിന് മുകളിൽ റൺറേറ്റ് നിലനിർത്തിയാണ് ഇരുവരും സൂപ്പർ കിങ്സിനെ സൂപ്പർ വിജയത്തിലേക്ക് നയിച്ചത്. അക്രമിച്ച് കളിക്കുമ്പോഴും അനാവശ്യ ഷോട്ടിന് മുതിരാതെ ബൗണ്ടറികളിലുടെയും സിംഗിളുകളിലൂടെയുമാണ് ഇരുവരും റൺസ് തന്നെത്തിയത്.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കിങ്സ് ഇലവൻ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 178 റൺസെടുത്തത്.അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ കെ.എൽ രാഹുൽ തന്നെയാണ് ഇത്തവണയും പഞ്ചാബിനായി തിളങ്ങിയത്. 52 പന്തുകളിൽ നിന്ന് ഒരു സിക്സും ഏഴ് ഫോറുമടക്കം രാഹുൽ 63 റൺസെടുത്തു. ഷാർദുൽ താക്കൂറിന്റെ പന്തിൽ രാഹുലിനെ ധോനി ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ഐ.പി.എല്ലിൽ ചെന്നൈക്കായി ധോനിയുടെ 100-ാം ക്യാച്ചായിരുന്നു ഇത്.
പതിവുപോലെ മായങ്ക് അഗർവാളും കെ.എൽ രാഹുലും ചേർന്ന് മികച്ച തുടക്കമാണ് പഞ്ചാബിന് നൽകിയത്. 8.1 ഓവറിൽ 61 റൺസ് ചേർത്ത ശേഷമാണ് ഓപ്പണിങ് സഖ്യം പിരിഞ്ഞത്. 19 പന്തിൽ നിന്ന് 26 റൺസെടുത്ത മായങ്കിനെ തന്റെ ആദ്യ പന്തിൽ തന്നെ പുറത്താക്കിയ പിയുഷ് ചൗളയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പിന്നാലെ ഈ സീസണിൽ ആദ്യ അവസരം ലഭിച്ച മൻദീപ് സിങ് തകർത്തടിച്ച് തന്നെ തുടങ്ങി. 16 പന്തിൽ രണ്ടു സിക്സ് സഹിതം 27 റൺസെടുത്ത താരത്തെ 12-ാം ഓവറിൽ ജഡേജ പുറത്താക്കുകയായിരുന്നു.
തുടർന്ന് രാഹുലിനൊപ്പം ചേർന്ന നിക്കോളാസ് പുരനും തകർപ്പൻ പ്രകടനം പുറത്തെടുത്തു. 17 പന്തുകൾ നേരിട്ട പുരൻ മൂന്നു സിക്സും ഒരു ഫോറുമടക്കം 33 റൺസെടുത്താണ് മടങ്ങിയത്. മൂന്നാം വിക്കറ്റിൽ രാഹുലിനൊപ്പം 58 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് പുരൻ മടങ്ങിയത്. പുരനെയും രാഹുലിനെയും അടുത്തടുത്ത പന്തുകളിൽ ഷാർദുൽ താക്കൂർ മടക്കുകയായിരുന്നു.ഗ്ലെൻ മാക്സ്വെൽ (11), സർഫറാസ് ഖാൻ (14) എന്നിവർ പുറത്താകാതെ നിന്നു. ചെന്നൈക്കായി ഷാർദുൽ താക്കൂർ രണ്ടു വിക്കറ്റ് വീഴ്ത്തി.