
വാഷിംഗ്ടൺ : കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ. വൈറ്റ് ഹൗസ് ഫിസിഷ്യൻ ഡോ.സീൻ കോൻലിയാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്. ‘അദ്ദേഹത്തിൻറെ നില മെച്ചപ്പെട്ടു.തിങ്കളാഴ്ചയോടെ ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്’ എന്നായിരുന്നു വാക്കുകൾ. ചികിത്സയിലിരിക്കുന്ന ട്രംപിൻറെ ഓക്സിജൻ ലെവൽ കഴിഞ്ഞ ദിവസം രണ്ടു തവണ കുറഞ്ഞിരുന്നു. ഇതിനെ തുടർന്ന് അദ്ദേഹത്തിൻ സപ്ലിമെൻറൽ ഓക്സിജൻ നൽകേണ്ടതായും വന്നു എന്ന കാര്യം അറിയിച്ചു കൊണ്ടാണ് പ്രസിഡൻറിൻറെ ആരോഗ്യനില സംബന്ധിച്ച വിവരം അദ്ദേഹം പുറത്തുവിട്ടത്.
കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ചയാണ് 74കാരനായ ട്രംപിനെ വാഷിംഗ്ടണിനടുത്തുള്ള വാൾട്ടർ റീഡ് മിലിട്ടറി മെഡിക്കൽ സെൻററിൽ പ്രവേശിപ്പിച്ചത്. ട്രംപിന്റെ ഉപദേശക ഹോപ് ഹിക്സിന് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ സ്രവ പരിശോധനയിലാണ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കൊറോണ പോസിറ്റീവായത്.
കോവിഡ് വൈറസിനെതിരായ പോരാട്ടത്തിൽ താൻ സുഖം പ്രാപിച്ചു വരുന്നതായി ട്രംപ് തന്നെ ഞായറാഴ്ച പുലർച്ചെ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിലൂടെ അറിയിച്ചിരുന്നു.