ലൈഫ് പദ്ധതിയില്‍ അഴിമതി നടന്നെന്ന് സിബിഐ.

വടക്കാഞ്ചേരി ലൈഫ് പദ്ധതിയില്‍ അഴിമതി നടന്നെന്ന് സിബിഐ ഹൈക്കോടതിയിൽ. കേസ് അന്വേഷണം ചോദ്യം ചെയ്ത് പദ്ധതിയുടെ നിര്‍മാതാക്കളായ യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ നല്‍കിയ ഹരജിയിലാണ് സിബിഐയുടെ
ഈ വിശദീകരണം ഉണ്ടായത്. കേന്ദ്ര അനുമതിയില്ലാതെ ഫണ്ട് വാങ്ങാൻ കഴിയില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു.
ലൈഫ് മിഷൻ ഉദ്യോഗസ്ഥർ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പണം വാങ്ങിയോ എന്ന് പരിശോധിച്ചുവരികയാണെന്നും സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്.
കേസിൽ സിബിഐ അന്വേഷണത്തിന് സ്റ്റേ നൽകണമെന്ന യുണീടാക് എംഡിയുടെ ആവശ്യം കോടതി തള്ളി. സിബിഐ റജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സന്തോഷ് ഈപ്പൻ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ലൈഫ് മിഷനിൽ അഴിമതി നടന്നെങ്കിൽ അതിൽ യൂണിടാകിന് ഒരു ഉത്തരവാദിത്തവുമില്ലെ ന്നാണ് യൂണിറ്റാക്ക് കോടതിയിൽ പറഞ്ഞത്. തന്റേത് ഒരു സ്വകാര്യ ഏജൻസി മാത്രമാണെന്നാണ് സന്തോഷ് ഈപ്പൻ പറഞ്ഞത്.
ഈ സാഹചര്യത്തിലാണ് പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ കോടതിയെ അറിയിക്കുന്നത്. സന്തോഷ് ഈപ്പൻ ഫോൺ നൽകിയതിലും പണം നൽകിയതിലും അഴിമതിയുണ്ടെന്ന് സിബിഐ കോടതിയിൽ വാദിച്ചു. സ്വപ്ന സുരേഷിന് സന്തോഷ് ഈപ്പൻ കമ്മീഷൻ നൽകിയതും കൈക്കൂലിയായിട്ടാണ് സി ബി ഐ കണക്കാക്കുന്നത്. ലൈഫ് മിഷനിലെ ഏതെങ്കിലും ഉദ്യോഗസ്ഥർ കൈക്കൂലിയായി പണം വാങ്ങിയോ എന്ന കാര്യം വിശദമായ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ എന്നിരിക്കെ, അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരന്റെ ആവശ്യം തള്ളണമെന്ന് സിബിഐ ഹൈക്കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു.
ഇതിനിടെ, കേസിലെ വിജിലൻസ് അന്വേഷണത്തിന്റെ ഫയൽ വിളിച്ചുവരുത്തണമെന്ന് സിബിഐ ആവശ്യപ്പെട്ടപ്പോൾ സർക്കാർ അതിനെഎതിർക്കുകയുണ്ടായി. നിലവിൽ ഈ ഫയൽ വിളിച്ച് വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി തുടർന്ന് വ്യക്തമാക്കുകയായിരുന്നു. സന്തോഷ് ഈപ്പൻ കൈക്കൂലി നൽകിയെങ്കിൽത്തന്നെ അത് വിദേശ വിനിമയ നിയന്ത്രണച്ചട്ടത്തിന്റെ പരിധിയിൽ വരുമോ എന്ന് കോടതി സിബിഐയോട് ചോദിച്ചു. അത് അന്വേഷിക്കേണ്ടത് വിജിലൻസല്ലേ എന്നും കോടതി ആരാഞ്ഞു. ഇതിൽ വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും, ലൈഫ് മിഷൻ സിഇഒ യു വി ജോസ് അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും സിബിഐ കോടതിയിൽ മറുപടി നൽകിയിട്ടുണ്ട്. കേസിൽ വ്യാഴാഴ്ച വിശദമായി വാദം കേൾക്കാനിരിക്കുകയാണ്.