News

സ്വന്തം മണ്ഡലം നോക്കാൻ രാജകുമാരൻ എഴുന്നള്ളേണ്ടിയിരിക്കുന്നു, രാഹുൽ ഗാന്ധിക്കെതിരെ ശോഭ സുരേന്ദ്രൻ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും സി.പി.ഐയ്ക്കെതിരെയും ആഞ്ഞടിച്ച്‌ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ. സ്വന്തം മണ്ഡലത്തിൽ വീട് കിട്ടാത്തത് മൂലം ഒരാൾ ആത്മഹത്യ ചെയ്ത വിഷയം താൻ മുൻപ് ചൂണ്ടിക്കാണിച്ച തന്റെ മുൻ പോസ്റ്റിനെ ഇടതുപക്ഷ മാദ്ധ്യമം വിമർശിച്ചുവെന്നും അക്കാര്യത്തെക്കുറിച്ചാണ് താൻ വിശദീകരിക്കുന്നതിനും ശോഭാ സുരേന്ദ്രൻ പറയുന്നു. വയനാട് മണ്ഡലത്തിലേക്ക് രാഹുൽ ഗാന്ധിയുടെ ശ്രദ്ധ എത്തുന്നില്ലെന്നും ശോഭ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

എന്റെ മുൻ പോസ്റ്റിനെതിരെ ജനയുഗം വാർത്ത നൽകിയത് ശ്രദ്ധയിൽ പെട്ടു. രാഹുൽ ഗാന്ധിക്കെതിരെ ബിജെപിക്കാർ പ്രതികരിച്ചാൽ സിപിഐ പത്രത്തിനെന്താണിത്ര കൊള്ളാൻ? അല്ല, രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ചത് സിപിഐ സ്ഥാനാർത്ഥിയായിരുന്നില്ലേ? അടിയന്തിരാവസ്ഥയെ പിന്തുണച്ച ‘ജനാധിപത്യ’ ബോധമൊക്കെ സിപിഐക്കാർക്ക് കൈമോശം വന്നിട്ടില്ലല്ലോ എന്നോർക്കുമ്പോഴാണ് സങ്കടം. ഒരു ദളിത്‌ പെൺകുട്ടിയുടെ കൊലപാതകത്തെ രാഷ്ട്രീയവൽക്കരിച്ച് കയ്യടി നേടാൻ ശ്രമിക്കുന്ന രാഹുൽ ഗാന്ധി, സ്വന്തം മണ്ഡലത്തിൽ കൂടി ഈ ‘ആത്മാർത്ഥ’ കാണിക്കണമെന്ന്, ഒരു ആത്മഹത്യയെ ഉദ്ധരിച്ച് മുൻപോസ്റ്റിൽ പരാമർശിച്ചത് പലരും വ്യകതിപരമായി ചൂണ്ടിക്കാട്ടി. പൊതുപ്രവർത്തനത്തിൽ ഇറങ്ങിയ കാലം മുതൽ സത്യസന്ധമല്ലാത്ത, ബോധ്യമില്ലാത്ത ഒരു കാര്യവും ആരോപണവുമായി ഉന്നയിച്ചിട്ടില്ല. അതിനാൽ തന്നെ ഇതിന്റെയും സത്യാവസ്ഥ വെളിപ്പെടുത്താൻ ആഗ്രഹമുണ്ട്.

ഈ കഴിഞ്ഞ സെപ്റ്റംബർ അഞ്ചാം തിയതി രാഹുൽ ഗാന്ധിയുടെ വയനാട് മണ്ഡലത്തിൽ അറുപത്തിരണ്ടു വയസ്സുള്ള വിശ്വനാഥൻ എന്നയാൾ ആത്മഹത്യ ചെയ്തിരുന്നു. അഞ്ച് ദിവസം കഴിഞ്ഞാണ് മരണവിവരം പുറംലോകം അറിയുന്നത്. ഒൻപതാം തിയതി മംഗളം പത്രത്തിന്റെ പ്രാദേശിക ലേഖകൻ എഴുതിയ റിപ്പോർട്ട് വായിച്ചാണ് ഞാൻ കുടുംബവുമായി ബന്ധപ്പെടുന്നത്. ഒരു വീട് ആയിരുന്നു വിശ്വനാഥന്റെ മോഹം. പിന്നെ വീട്ടിലേക്കുള്ള ഒരു വഴിയും. 2012ലെ ജനസമ്പർക്ക പരിപാടി മുതൽ ഈ സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ വരെ അപേക്ഷിച്ചു. ഇതിനിടയിൽ പലതവണ കാട്ടുതീ പടർന്ന് വീട് കത്തിപോയി. ഒടുവിൽ എല്ലാ പ്രതീക്ഷയും നഷ്ടപെട്ട വിശ്വനാഥൻ ആത്മഹത്യ ചെയ്തു. സംസ്കാര ചടങ്ങുകൾക്കായി, ഒന്നര മൈൽ നടന്ന് പോയാണ് ശവശരീരം മറവ് ചെയ്തത്. ഉത്തർ പ്രദേശിൽ അല്ലാത്തതിനാൽ വാർത്തയാകാഞ്ഞതാകും.

എം പിയുടെ പേര് രാഹുൽ ഗാന്ധി എന്നാണ്. ഉത്തർപ്രദേശിൽ നിന്ന് ഒന്നിറങ്ങി ഈ വയനാട്ടിൽ സ്വന്തം മണ്ഡലം നോക്കാൻ രാജകുമാരൻ എഴുന്നള്ളേണ്ടിയിരിക്കുന്നു. ആ അസാന്നിധ്യമാണ് ഇടതുപക്ഷ മാധ്യമങ്ങൾ കൊണ്ടാടിയ ‘രാഹുൽ പ്രതീക്ഷ’. നാട്ടുകാർക്ക് ആ ബോധ്യമുള്ളത് കൊണ്ടാണ് സ്ഥിരമായി ഒരു പ്രസിഡന്റ്‌ പോലുമില്ലാതെ ആ പാർട്ടിയെ ഇങ്ങനെ വഴിയാധാരമാക്കിയത്.’

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button