രമേശ് ചെന്നിത്തലയ്ക്ക് എതിരെ സന്തോഷ് ഈപ്പൻ ഉന്നയിച്ച ഐ ഫോണ്‍ ആരോപണം ആസൂത്രിതമായ രാഷ്ട്രീയ നാടകം.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ സന്തോഷ് ഈപ്പൻ ഉന്നയിച്ച ആരോപണത്തിന് പിന്നിൽ ആസൂത്രിതമായ രാഷ്ട്രീയ നാടകം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് ഐ ഫോണ്‍ നല്‍കിയോ എന്ന് അറിയില്ലെന്നാണ് യുണിടാക് എംഡി സന്തോഷ് ഈപ്പന്റെ ഏറ്റവും പുതിയ മൊഴി. അഞ്ച് ഐ ഫോണ്‍ വാങ്ങിയിരുന്നു, ഇതാര്‍ക്കാണ് നല്‍കിയതെന്ന് അറിയില്ല. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് വിജിലന്‍സിനാണ് ഈ മൊഴി നല്‍കിയത്. സന്തോഷ് ഈപ്പന്റെ ചോദ്യം ചെയ്യല്‍ ഇതോടെ പൂര്‍ത്തിയായി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ആരോപങ്ങൾ ഉന്നയിച്ച രമേശ് ചെന്നിത്തലയുടെ വായടക്കാൻ സി പി എം സന്തോഷ് ഈപ്പൻ രാഷ്ട്രീയ ആയുധമാക്കുകയായിരുന്നു എന്നാണ്
ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മുഖേന തനിക്ക് ഐ ഫോൺ നല്‍കിയെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന പ്രതിപക്ഷനേതാവിന്റെ ആവശ്യം നടക്കില്ലെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ചെന്നിത്തലക്ക് ആശ്വാസമാകുന്ന പുതിയ മൊഴി ഉണ്ടായിരിക്കുന്നത്. മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കാണിച്ച് സന്തോഷ് ഈപ്പന് ചെന്നിത്തല വക്കീൽ നോട്ടിസ് അയച്ചു. അല്ലാത്തപക്ഷം മാനനഷ്ടത്തിന് ഒരുകോടി രൂപ നൽകണമെന്നായിരുന്നു ചെന്നിത്തല ആവശ്യം ഉന്നയിച്ചിരുന്നത്. നിയമപരമായി ചെന്നിത്തല നീങ്ങിയാൽ സന്തോഷ് ഈപ്പൻ രമേശ് ചെന്നിത്തലക്ക് സെൽ ഫോൺ കിട്ടിയെന്നത് തെളിയിക്കേണ്ടി വരും. സർക്കാറിനെതിരെയുള്ള ആരോപങ്ങളുടെ മുനയൊടിക്കാൻ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പടെ രമേശ് ചെന്നിത്തലക്കെതിരെ ഉന്നയിച്ച ആരോപണം, ആസൂത്രിത നാടകമായിരുന്നു എന്നാണ് ഇതോടെ തെളിയിക്കപെട്ടിരിക്കുന്നത്.
ഫോണുകള്‍ ഉപയോഗിക്കുന്നതാരെന്ന് പരിശോധിക്കുന്നത് സ്വകാര്യതയ്ക്ക് എതിരാകുമെന്ന മുടന്തൻ ന്യായം പറഞ്ഞാണ് പൊലീസ് ഇക്കാര്യത്തിൽ തടിയൂരാൻ നോക്കിയത്. രമേശ് ചെന്നിത്തലക്ക് നല്‍കാനായി സ്വപ്ന സുരേഷ് തന്റെ പക്കല്‍നിന്ന് ഐഫോണുകള്‍ വാങ്ങിയെന്ന് വടക്കാഞ്ചേരി ലൈഫ് ഫ്ലാറ്റുകളുടെ കരാറുകാരനായ സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ആരോപണം ഉന്നയിക്കുന്നത്. ഇത് സി പി എം ന്റെ സമ്മർദ്ദത്തിന് വഴങ്ങി ഈപ്പൻ ഉന്നയിച്ചതാണെന്നാണ് ഇതോടെ വ്യക്തമാകുന്നത്. ഇതോടെയാണ് ഐഎംഇഐ നമ്പര്‍ ശേഖരിച്ച് ആ ഫോണുകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് ആരെല്ലാമെന്ന് കണ്ടെത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടത്. ഐഫോണ്‍ ആരോപണത്തിന് പിന്നില്‍ സിപിഎം ആണെന്നും ചെന്നിത്തല പറഞ്ഞിരുന്നതാണ്. സന്തോഷ് ഈപ്പന്റെ ഹര്‍ജിയിലെ പരാമര്‍ശം ഉടനടി കോടിയേരി ബാലകൃഷ്ണൻ ഏറ്റുപിടിച്ചത് ഇതിന്റെ തെളിവാണെന്നും ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു.