Editor's ChoiceKerala NewsLatest NewsNationalNewsWorld

ഇന്ത്യയിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും കാര്യത്തിൽ ദുഃഖവും ആശങ്കയുമുണ്ടെന്ന് ഐക്യരാഷ്ട്ര സഭ.

ന്യഡൽഹി/ഇന്ത്യയിൽ സ്ത്രീകൾക്കെതിരെയുള്ള ക്രൂരതകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും കാര്യത്തിൽ ദുഃഖവും ആശങ്കയുമുണ്ടെന്ന് ഐക്യരാഷ്ട്ര സഭ. ഹാഥ്രസ്, ബൽറാംപൂര്‍ സംഭവങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയിലെ സ്ത്രീകളുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നു യുഎൻ ഇന്ത്യൻ മിഷൻ ആണ് വ്യക്തമാക്കിയിട്ടുള്ളത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുമെന്നും യുഎൻ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
“സാമൂഹ്യാവസ്ഥയിൽ മുന്നേറ്റമുണ്ടായിട്ടുണ്ടെങ്കിലും താഴേയ്ക്കിടയിലുള്ള വിഭാഗങ്ങളിലെ സ്ത്രീകള്‍ കൂടുതൽ ആക്രമണങ്ങള്‍ നേരിടുന്നുണ്ടെന്നതിൻ്റെ സൂചനയാണ് ഹാഥ്രസിലും ബൽറാംപൂരിലുമുണ്ടായ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇവര്‍ ലിംഗാടിസ്ഥാനത്തിലുള്ള ആക്രമണങ്ങള്‍ കൂടുതൽ നേരിടുന്നു. അത്തരം ആക്രമണങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമൊപ്പമാണ് ഞങ്ങളുടെ ചിന്തകളും പ്രാര്‍ഥനകളും.” യുഎൻ പ്രസ്താവനയിൽ കുറിച്ചിരിക്കുന്നു. ഇത്തരം സംഭവങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ അടിയന്തരമായ നടപടികള്‍ സ്വീകരിക്കണമെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളെ സ്വാഗതം ചെയ്യുന്നുവെന്നും യുഎൻ വ്യക്തമാക്കിയിട്ടുണ്ട്.

ഹാഥ്രസിൽ 19കാരിയായ ദളിത് യുവതി അതിക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപകമായ പ്രതിഷേധമുയരുന്നതിനിടെയുള്ള യുഎൻ പ്രസ്താവന ഏറെ പ്രാധാന്യം അർഹിക്കുന്നു. കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിനെതിരെ യുപി പോലീസ് സ്വീകരിച്ച നടപടികൾ ഏറെ വിവാദങ്ങൾ ഉണ്ടാക്കി. അന്വേഷണ ഏജൻസികളെ വിശ്വാസമില്ലെന്നും സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നുമാണ് ഇരയുടെ കുടുംബം മാധ്യമങ്ങളോട് ഏറ്റവും ഒടുവിൽ ആവശ്യപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button