വൃദ്ധരുടെ കരണത്തടിച്ചല്ല പ്രൊബേഷനിലുള്ളവർ ജോലി പഠിക്കേണ്ടത്, മുൻ ഡിജിപി ജേക്കബ് പുന്നൂസ്

കൊല്ലം ആയൂരില്‍ വൃദ്ധനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചത് പൊലീസിന് ചീത്തപ്പേരുണ്ടാക്കുന്ന നടപടിയെന്ന് മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ്.
നിയമവ്യവസ്ഥയുടെ കരണത്താണ് പൊലീസ് ഉദ്യോഗസ്ഥന് അടിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇത് സംബന്ധിച്ച വാര്‍ത്തകളും വീഡിയോയും കണ്ടു, പൊലീസിന് ചീത്തപ്പേര് ഉണ്ടാക്കാനേ ഇതുകൊണ്ട് സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
ജേക്കബ് പുന്നൂസിന്റെ വാക്കുകള്‍ ഇങ്ങനെ
വാഹന പരിശോധനക്കിടയില്‍ ഇത്തരം വ്യാജ ശൗര്യവും പരാക്രമവും അനാവശ്യവും ക്രൂരവും ആണ്. പൊലീസിന് ചീത്തപ്പേരുണ്ടാക്കാനേ അതുകൊണ്ടു സാധിക്കൂ. നിരായുധനും ദരിദ്രനുമായ ഒരു വൃദ്ധനോട് ഇങ്ങനെ പെരുമാറുന്നത് അഹങ്കാരം മൂത്ത് നിയമപാലകന് മനസ്സുകൊണ്ട് നിയമലംഘകന് ആകുമ്ബോഴാണ്. ജനങ്ങള്‍ക്കു പൊലീസിലുള്ള വിശ്വാസമാണ് ഇത്തരം പ്രവൃത്തികള്‍ കൊണ്ടു നഷ്ടമാകുന്നത്. ഇതുപോലുള്ള പ്രവണതകള്‍ മുളയിലേ നുള്ളണം. വൃദ്ധരുടെ കരണത്തടിച്ചല്ല പ്രൊബേഷനിലുള്ളവര്‍ ജോലി പഠിക്കേണ്ടത്. ഇപ്പോഴും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതില്‍ ദുഖിക്കുന്നു.
ഇന്ന് രാവിലെയാണ് ചടയമംഗലത്ത് മഞ്ഞപ്പാറ എന്ന സ്ഥലത്താണ് പൊലീസിന്റെ ക്രൂരത ഉണ്ടായത്. രാവിലെ ജോലിക്കായി ബൈക്കില്‍ പോയ യാത്രക്കാരായ മഞ്ഞപ്പാറ സ്വദേശി രാമാനന്ദന്‍ നായര്‍, പൊടിമോന് എന്നിവരെ പൊലീസ് ഹെല്‍മറ്റ് ചെക്കിങ്ങിന്റെ പേരില്‍ പിടിച്ചുനിര്‍ത്തുക ആയിരുന്നു. വാഹനം ഓടിച്ചിരുന്ന പൊടിമോനും പിറകില്‍ ഇരുന്ന വൃദ്ധനായ രാമാനന്ദന്‍ നായരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. കൂടാതെ ഇവരുടെ കയ്യില്‍ വാഹനത്തിന്റെ രേഖകളും ഉണ്ടായിരുന്നില്ല.
ഇവരോട് പിഴ അടക്കാന്‍ പൊലീസ് നിര്‍ദേശിച്ചു. എന്നാല്‍ കൂലിപ്പണിക്കാരെന്നും ഇപ്പോള്‍ കയ്യില്‍ തുക ഇല്ലാത്തതിനാല്‍ കോടതിയില്‍ പോയി അടച്ചോളാം എന്ന് ഇവര്‍ പൊലീസിനെ അറിയിച്ചു. ഇതിന് പിന്നാലെ ഇവരുടെ മൊബൈല്‍ ഫോണ്‍ പൊലീസ് ആവശ്യപ്പെട്ടു. മൊബൈല്‍ തരേണ്ട കാര്യം ഇല്ലല്ലോ, പിഴ കോടതിയില്‍ അടക്കുന്നതിന് എന്ന് പറഞ്ഞതോടെയാണ് തര്‍ക്കം ഉണ്ടായതെന്നാണ് യാത്രക്കാര്‍ പറയുന്നത്. തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍ എടുക്കാന്‍ നോക്കി.
ആദ്യം പൊടിമോനെ ജീപ്പില്‍ കയറ്റി ഇരുത്തി. പിന്നീട് തര്‍ക്കത്തിനിടെ രാമാനന്ദന്‍ നായരെ പിടിച്ച് പൊലീസ് ജീപ്പില്‍ ബലമായി കയറ്റാന്‍ ശ്രമിച്ചു. ഇതിനെ എതിര്‍ത്തപ്പോള്‍ പ്രൊബഷന്‍ എസ്.ഐ ഷജീമാണ് രാമാനന്ദന്‍ നായരുടെ മുഖത്ത് കൈ വീശി അടിച്ചത്. പ്രദേശത്ത് ഹെല്‍മറ്റ് പരിശോധന നടത്തുന്ന പൊലീസ് പിഴ തത്സമയം അടക്കാത്തവരുടെ മൊബൈല്‍ വാങ്ങിവെക്കുന്നതായി നേരത്തെ മുതല്‍ നാട്ടുകാര്‍ ആരോപിച്ചിരുന്നു. സംഭവത്തെക്കുറിച്ച് റൂറല്‍ എസ് അന്വേഷണത്തിന് ഉത്തരവിട്ടു. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി വിനോദിനാണ് അന്വേഷണ ചുമതല. ജംക്ഷനിലുണ്ടായിരുന്ന നാട്ടുകാരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. രാമാനന്ദന്‍ നായര്‍ മദ്യപിച്ചിരുന്നുവെന്നും തങ്ങളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നുമാണ് ഇതിനെക്കുറിച്ച് പൊലീസുകാരുടെ വാദം.