പാലാരിവട്ടം മേൽപ്പാലം, ഗർഡറുകൾ പൊളിച്ചുതുടങ്ങി

കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിന്റെ ഗർഡറുകൾ പൊളിച്ചുതുടങ്ങി. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ഗർഡറുകൾ പൊളിച്ചുനീക്കുന്ന ജോലികൾ ആരംഭിച്ചത്. പാലത്തിന്റെ ഏകദേശം മധ്യഭാഗത്തായുള്ള ഗർഡറാണ് പൊളിച്ചത്. ഇത്തരത്തിൽ നൂറിലേറെ ഗർഡറുകളാണ് പൊളിച്ചു നീക്കേണ്ടത്. ഒരു ഗർഡർ പൊളിച്ചുമാറ്റാൻ രണ്ടരമണിക്കൂറാണ് ആവശ്യമായി വരിക. പൊളിക്കുന്ന ഗർഡർ ഇവിടെ വച്ചുതന്നെ മുറിച്ച് കഷണങ്ങളാക്കി ഡിഎംആർസിയുടെ മുട്ടം യാർഡിലേക്ക് മാറ്റും. യന്ത്രങ്ങളുടെ സഹായത്തോടെയാണ് മുഴുവൻ ഗർഡറുകളും മുറിച്ചുമാറ്റുന്നത്.
പുതിയ ഗർഡറുകളുടെ നിർമാണം മുട്ടം യാർഡിൽ ഉടൻതന്നെ ആരംഭിക്കുമെന്നാണ് വിവരം. പ്രീ സ്ട്രെസ്ഡ് കോൺക്രീറ്റ് ഗർഡറുകൾ പുതുതായി സ്ഥാപിക്കും. പാലത്തിന്റെ മധ്യഭാഗത്തുള്ള സ്പാനുകളും പിയർ ക്യാപുകളും പൂർണമായും നീക്കംചെയ്യുന്നതാണ് അടുത്തഘട്ടം. അവശേഷിക്കുന്ന ഭാഗത്തുള്ള സ്പാനുകളും പിയർ ക്യാപുകളും ഭാഗികമായും നീക്കംചെയ്യും. എട്ടുമാസം കൊണ്ട് പാലം പണി പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി വിധിയ്ക്കെതിരേ സർക്കാർ സമർപ്പിച്ച ഹരജി പരിഗണിച്ച് പാലം പൊളിച്ചുപണിയാൻ സുപ്രിംകോടതി അനുമതി നൽകിയ സാഹചര്യത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.