ലാവലിൻ കേസ് പരിഗണിക്കുന്നത് ഈ മാസം 16ലേക്ക് മാറ്റി

കൊച്ചി; എസ്എൻസി ലാവലിൻ കേസ് പരിഗണിക്കുന്നത് ഈ മാസം 16ലേക്ക് മാറ്റി. വാദമുഖങ്ങൾ രേഖാമൂലം സമർപ്പിക്കാൻ സിബിഐ സമയം തേടിയിട്ടുണ്ട്. 16ന് മുൻപ് വാദമുഖങ്ങൾ സിബിഐ സമർപ്പിക്കും. ജസ്റ്റിസ് യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.രണ്ട് കോടതികൾ പ്രതികളെ വെറുതെവിട്ട കേസാണിത്. അതിനാൽ ശക്തമായ വാദം വേണമെന്ന് സുപ്രിംകോടതി സി.ബി.ഐയെ ഓർമിപിച്ചു. സിബിഐക്ക് വേണ്ടി തുഷാർ മേത്തയും മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവെയും ഹാജരായി.
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജസെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്‌തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സമർപ്പിച്ച ഹർജിയാണ് കോടതിക്ക് മുന്നിലുള്ളത്. കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്‌ഥരായ ആർ.ശിവദാസ്, കസ്തൂരിരംഗഅയ്യർ, കെ.ജി. രാജശേഖരൻ എന്നിരും ഹർജി സമർപ്പിച്ചിട്ടുണ്ട്.
പിണറായി വിജയൻ വൈദ്യുത മന്ത്രിയായിരിക്കെ പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എൻ.സി ലാവ്ലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടെന്നാണ് കേസ്.86.25 കോടിയുടെ നഷ്ടമുണ്ടായെന്നാണ് ആരോപണം. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സി.ബി.ഐക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും പിണറായിയുടെ അഭിഭാഷകൻ വി. ഗിരിയും ഒരുപോലെ കേസ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേസ് നീട്ടിക്കൊണ്ടു പോകാനാണോ ഉദ്ദേശ്യമെന്ന് കോടതി ചോദിക്കുകയും ചെയ്തു.
2017 ഒക്ടോബർ മുതൽ 13 തവണയാണ് ലാവ്ലിൻ കേസ് സുപ്രിം കോടതിയുടെ പരിഗണനയ്ക്ക് വന്നത്. വിവിധ കക്ഷികളുടെ അഭിഭാഷകർ മാറ്റിവയ്ക്കാൻ ആവശ്യപ്പെടുകയും മറുപടി ഫയൽ ചെയ്യാൻ വൈകിക്കുകയും ചെയ്തതിനാൽ കേസ് നീണ്ടുപോകുകയായി