എം ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യംചെയ്യും. രാവിലെ 10 മണിക്ക് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നിർദേശം. നേരത്തെ രണ്ടുതവണയായി 17 മണിക്കൂർ കസ്‌റ്റംസ് ശിവശങ്കറിനെ ചോദ്യംചെയ്‌തിരുന്നു.
നയതന്ത്രചാനലിലൂടെ യു.എ.ഇ കോൺസുലേറ്റിൽ എത്തിച്ച ഈന്തപ്പഴം അനാഥാലയങ്ങൾക്കും സ്‌പെഷ്യൽ സ്കൂളുകളിലും വിതരണം ചെയ്യാൻ നിർദേശിച്ചത് ശിവശങ്കറാണെന്ന് അന്ന് സാമൂഹിക നീതിവകുപ്പ് ഡയറക്‌ടറായിരുന്ന ടി.വി. അനുപമ കസ്‌റ്റംസിന് മൊഴി നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ കസ്‌റ്റംസ് വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുന്നത്.
സ്വപ്ന സുരേഷും ശിവശങ്കറും തമ്മിൽ സാമ്ബത്തിക ഇടപാടുകൾ നടത്തിയെന്ന കണ്ടെത്തലാണ് നിർണായകം. സ്വപ്ന സുരേഷ്, സന്ദീപ്, സരിത്ത് എന്നീ പ്രതികളെ വീണ്ടുംചോദ്യം ചെയ്യുന്നതിന് കസ്റ്റംസിന് കോടതി അനുമതി നൽകിയിരുന്നു ജയിലിലെത്തിയാകും ഇവരെ ചോദ്യം ചെയ്യുക.