തമിഴ്‌നാട്ടിൽ നിന്ന് കൊണ്ട് വന്ന ഇരുതല മൂരിയുടെ വ്യാപാരത്തിനിടെ അഞ്ചു പേരെ കൊണ്ടോട്ടിയിൽ വനം വകുപ്പ് പിടികൂടി.

തമിഴ്‌നാട്ടിൽ നിന്ന് കൊണ്ട് വന്ന ഇരുതല മൂരിയുടെ വ്യാപാരത്തിനിടെ അഞ്ചു പേരെ കൊണ്ടോട്ടിയിൽ വനം വകുപ്പ് പിടികൂടി. അങ്ങാടിപ്പുറം കളത്തില്‍ ഷാഹുല്‍ ഹമീദ് (32), കൊണ്ടോട്ടി മുസല്യാരങ്ങാടി പൈക്കാട്ട് ഷാനവാസ് (24), മാനന്തവാടി സ്വദേശികളായ പാറപ്പുറം ഹംസ (61), മുണ്ടക്കോട്ടില്‍ സുരേഷ് (49), തിരൂരങ്ങാടി നീര്‍ച്ചാല്‍ ഷമീര്‍ (32) എന്നിവരെ ആണ് ഫ്‌ലയിങ് സ്‌ക്വാഡ് റേഞ്ച് ഓഫിസര്‍ എം.രമേശ് അറസ്റ്റ് ചെയ്തത്. ഇന്റലിജന്‍സ് എസിഎഫ് സുരേഷ് ബാബു, ഫ്‌ലയിങ് സ്‌ക്വാഡ് ഡിഎഫ്ഒ പി.ധനേഷ്‌കുമാര്‍ എന്നിവര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് കൊണ്ടോട്ടി മുസല്യാരങ്ങാടിയില്‍ വെച്ച് ഇരുതലമൂരിയെ വില്‍ക്കാനെത്തിയ 5 പേരെ വനം ഇന്റലിജന്‍സും ഫ്‌ലയിങ് സ്‌ക്വാഡും ചേര്‍ന്നു പിടികൂടുന്നത്. ഇരുതലമൂരിയെയും, പ്രതികള്‍ കൊണ്ടുവന്ന 2 കാറുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
ഷാഹുല്‍, ഷാനവാസ്, ഷമീര്‍ എന്നിവര്‍ ആണ് ഇരുതലമൂരിയെ വില്‍ക്കാനെത്തിയത്. ഹംസയും സുരേഷും ഇടനിലക്കാരാണ്. തമിഴ്നാട് സ്വദേശികളിൽ നിന്നാണ് 5 ലക്ഷം രൂപക്ക് തൃശൂര്‍ സ്വദേശി റാഫി മുഖേന ഇരുതലമൂരിയെ വാങ്ങിയത്. വില്പന നടത്തിയാൽ 30 ലക്ഷം കിട്ടുമെന്ന് സംഘം വിശ്വസിപ്പിച്ചതായും ഷാഹുല്‍ വനം വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. ഇന്റലിജന്‍സിലെ ഒരു ഉദ്യോഗസ്ഥനാണ് 25 ലക്ഷത്തിന് ഇരുതല മൂരിയെ വാങ്ങാനെന്ന വ്യാജേന ഇവരെ വലയിലാക്കുന്നത്. എസ്എഫ്ഒ വി.രാജേഷ്, ബിഎഫ്ഒമാരായ വി.എസ്.അച്യുതന്‍, സി.കെ.വിനോദ്, പി.വി.വിശ്വനാഥന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. റാഫിയെയും കേസില്‍ പ്രതിയാക്കി. തുടര്‍ അന്വേഷണത്തിന് പ്രതികളെ കൊടുമ്പുഴ സ്റ്റേഷന് കൈമാറിയിരിക്കുകയാണ്.