സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്


ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം വേൾഡ് ഫുഡ് പ്രോഗ്രാമിന് (ഡബ്ല്യു.എഫ്.പി).പട്ടിണിയെ നേരിടാനുള്ള ശ്രമങ്ങൾക്കും സംഘർഷബാധിത പ്രദേശങ്ങളിൽ സമാധാനത്തിനുള്ള സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും പട്ടിണിയെ യുദ്ധത്തിന്റെയും സംഘർഷത്തിന്റെയും ആയുധമായി ഉപയോഗിക്കുന്നത് തടയാനുള്ള ശ്രമങ്ങളിൽ ഒരു പ്രേരക ശക്തിയായി പ്രവർത്തിച്ചതിനുമാണ് സംഘടനയ്ക്ക് പുരസ്കാരം.1963ൽ ആണ് വേള്‍ഡ് ഫുഡ് പ്രോഗ്രാംസ്ഥാപിക്കപ്പെട്ടത്. ദാരിദ്ര്യനിർമാർജനത്തിനായി ഐക്യരാഷ്ട്രസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഭക്ഷ്യസുരക്ഷാ മേഖലയിലെ ഏറ്റവും വലിയ സംഘടനയാണിത്.എൺപതിൽ അധികം രാജ്യങ്ങളിലായി ഒൻപത് കോടിയിലധികം ആളുകളുടെ പട്ടിണി മാറ്റാനുള്ള ശ്രമങ്ങളാണ് സംഘടന നടത്തുന്നത്. റോം ആസ്ഥാനമാക്കിയാണ് സംഘടന പ്രവർത്തിക്കുന്നത്.
അന്താരാഷ്ട്രതലത്തിലുള്ള ഐക്യദാർഢ്യത്തിന്റെയും ബഹുമുഖസഹകരണത്തിന്റെയും ആവശ്യകത കോവിഡ് 19ന്റെ പുതിയ സാഹചര്യത്തിൽ മറ്റെന്നത്തേക്കാളും പ്രധാനമാണെന്ന് പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് നോർവീജിയൻ നൊബേൽ കമ്മിറ്റി ചെയർപേഴ്സൺ ബെറിറ്റ് റെയ്സ് ആൻഡേഴ്സൺ അഭിപ്രായപ്പെട്ടു. 10 ദശലക്ഷം സ്വീഡിഷ് ക്രൗൺ (ഏകദേശം 8.26 കോടി രൂപ) ആണ് പുരസ്കാരത്തുക. ഡിസംബർ പത്തിന് ഓസ്ലോയിൽ പുരസ്കാരം സമ്മാനിക്കും.