ചെന്നൈ സൂപ്പർ കിങ്ങ്സിൻ്റെ തുടർ തോൽവി; ധോണിയുടെ മകൾ സിവക്കെതിരെ ബലാത്സംഗ ഭീഷണി

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ തുടർ തോൽവികൾക്ക് പിന്നാലെ ടീം നായകൻ എംഎസ് ധോണിയുടെ അഞ്ച് വയസ്സുകാരിയായ മകൾ സിവധോണിക്കെ തിരെ ബലാത്സംഗ ഭീഷണി. സമൂഹമാധ്യമങ്ങളിലൂടെയാണ് ചെന്നൈ സൂപ്പർ കിംഗ്സ് ടീമിൻ്റെ ആരാധകർ കുഞ്ഞിനെതിരെ തിരിഞ്ഞത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കഴിഞ്ഞ മത്സരം പരാജയപ്പെട്ടതിനു പിന്നാലെയാണ് ധോണിയുടെ മകൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ ബലാത്സംഗ ഭീഷണി ഉയർന്നത്.

ട്രോൾ ധോണി എന്ന പേരിലുള്ള ചില ധോണി വിരോധ പേജുകളിലും ഇത്തരത്തിൽ പോസ്റ്റുകളും കമൻ്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.
ഇത്തരം പോസ്റ്റുകൾക്കും കമൻ്റുകൾക്കുമെതിരെ സമൂഹമാധ്യമങ്ങൾ തന്നെ പ്രതിഷേധമുയർത്തിയിട്ടുണ്ട്.
മത്സരത്തിൽ 10 റൺസിനാണ് മുൻ ചാമ്പ്യന്മാർ കൊൽക്കത്തയോട് അടിയറവു പറഞ്ഞത്. ഇന്നിംഗ്സിൻ്റെ പാതി ദൂരം വരെ ജയസാധ്യത നിലനിർത്തിയിരുന്ന ചെന്നൈ പിന്നീട് തുടരെ വിക്കറ്റുകൾ നഷ്ടപ്പെടുത്തി പരാജയത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. 12 പന്തുകളിൽ 11 റൺസെടുത്ത ധോണിക്കും തിളങ്ങാനായില്ല. പരാജയത്തിനു പിന്നാലെ ധോണിക്കും കേദാർ ജാദവിനും എതിരെ രൂക്ഷമായ വിമർശനവും ഉയർന്നിരുന്നു.

