News

വിഷം വമിപ്പിക്കുന്ന ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് ബജാജ്

ന്യൂദല്‍ഹി: സമൂഹത്തില്‍ വിഷം വമിപ്പിക്കുന്ന ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് ബജാജ് മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജ്. മൂന്നു ചാനലുകളെ ബജാജ് ലിമിറ്റഡ് കരിമ്പട്ടികയില്‍ പെടുത്തിയെന്നും രാജീവ് വ്യക്തമാക്കി. റിപ്പബ്ലിക്ക് ടിവി ഉള്‍പ്പെടെ മൂന്ന് ടെലിവിഷന്‍ ചാനലുകള്‍ ടി.ആര്‍.പി റേറ്റിംഗില്‍ കൃത്രിമത്വം കാണിച്ചുവെന്ന മുംബൈ പൊലീസിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രാജീവ് ബജാജ് സ്ഥാപനത്തിന്റെ നിലപാട് വെളിപ്പെടുത്തിയത്.

സമൂഹത്തിലേക്ക് വിഷം വമിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ചാനലുകള്‍ക്ക് പരസ്യം നല്‍കാന്‍ ബജാജിനാവില്ല. ബിസിനസില്‍ ബ്രാന്‍ഡ് വളര്‍ത്തിയെടുക്കേണ്ടത് പ്രധാനം തന്നെയാണ്. എന്നാല്‍ വ്യവസായം പടുത്തുയര്‍ത്തുക എന്നതു മാത്രമാവരുത് ബിസിനസ് സ്ഥാപനങ്ങളുടെ ലക്ഷ്യം. സമൂഹത്തിന്റെ നന്മകൂടി ലക്ഷ്യം വെക്കേണ്ടതുണ്ട്. രാജീവ് പറഞ്ഞിരിക്കുന്നു. ടി.ആര്‍.പി റേറ്റിംഗില്‍ റിപബ്ലിക് ടി.വി കൃത്രിമത്വം കാണിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ചാനലിന്റെ എം.ഡിയും എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണാബ് ഗോസ്വാമിക്കെതിരെയുള്ള കുരുക്കുകള്‍ മുറുകിക്കൊണ്ടിരിക്കുകയാണ്. ഉടന്‍ തന്നെ അര്‍ണാബിനെ ചോദ്യം ചെയ്യുമെന്നാണ് മുംബൈ പൊലീസ് അറിയിച്ചിരിക്കുന്നത്.

ടി.ആര്‍.പി റേറ്റിംഗ് വിവരങ്ങള്‍ നല്‍കുന്ന ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സിലില്‍ (ബാര്‍കോഡ്) രഹസ്യമായി ഇടപെട്ട് വിവരങ്ങളില്‍ കൃത്രിമത്വം കാണിച്ചെന്നാണ് പൊലീസ് ആരോപിച്ചിരിക്കുന്നത്.
ടി.ആര്‍.പി റേറ്റിംഗ് അളക്കുന്ന രണ്ടായിരത്തിലധികം ബാരോമീറ്ററുകള്‍ മുംബൈയില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവ ഇന്‍സ്റ്റാള്‍ ചെയ്ത സ്ഥലങ്ങള്‍ രഹസ്യമാണ്. എന്നാല്‍ ഈ ബാരോമീറ്റര്‍ സ്ഥാപിക്കാന്‍ നിയോഗിക്കപ്പെട്ട മുന്‍ ജീവനക്കാര്‍ അതിനെ സ്വാധീനിക്കുന്നതായി പൊലീസ് കണ്ടെത്തുകയായിരുന്നു. റിപബ്ലിക് ടി.വി ബോക്സ് സിനിമ, ഫക്ത് മറാത്തി എന്നീ ചാനലുകള്‍ ടി.ആര്‍.പി റാക്കറ്റിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മുംബൈ പൊലീസ് കമ്മീഷണര്‍ പരം ബിര്‍ സിംഗ് മാധ്യമങ്ങളോട് നേരത്തേ വ്യക്തമാക്കിയിരുന്നു. നിലവില്‍ ഫക്ത് ഭാരതിന്റെയും ബോക്സ് സിനിമയുടെയും ഉടമസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തു. റിപബ്ലിക് ചാനല്‍ അധികൃതര്‍ക്ക് മുംബൈ പൊലീസ് സമന്‍സ് അയച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button